ഇരിട്ടി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇരിട്ടി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ കാർ പിൻതുടർന്ന് 96 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ്‌ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന കണ്ണൂർ കൊളച്ചേരി സ്വദേശികളായ നിസാർ (35), ഷമീം എന്ന ചാണ്ടി ഷമീം (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ കൂട്ടുപുഴ പോലീസ് ചെക്പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം. കർണാടക രജിസ്ട്രേഷനുള്ള വാഹനം പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകുകയായിരുന്നു. ഇതോടെ വാഹനത്തെ പോലീസ് പിന്തുടർന്നപ്പോൾ വള്ളിത്തോട് കുന്നോത്തുപറമ്പിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും വിവരങ്ങൾ പരിശോധിച്ചതിൽ രണ്ടാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് കണ്ടെത്തിയതോടെ വാഹനം പരിശോധിക്കുകയായിരുന്നു. ഇതിനായി പ്രതികൾ സഞ്ചരിച്ച വാഹനം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. തുടർന്നു പരിശോധിച്ചപ്പോഴാണ് ചെയ്സിനുള്ളിലെ കാന്തപ്പെട്ടിയിൽനിന്ന് എംഡിഎംഎ കണ്ടെത്തിയത്. അതിശക്തമായ നിയോഡീമിയം കാന്തങ്ങൾ ഉപയോഗിച്ചാണ് കാന്തപ്പെട്ടി തയ്യാറാക്കിയത്. പ്രതികൾ ഉപയോഗിച്ച വാഹനം ഉൾപ്പെടെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരിട്ടി പോലീസും ജില്ലാ ലഹരിവിരുദ്ധസേനയിലെ അംഗങ്ങളും ചേർന്നാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം കാറിൽ കാന്തപ്പെട്ടിക്കുള്ളിൽ എംഡിഎംഎ കടത്തിയ കേസിലെ പ്രധാന സൂത്രധാരനെ ബെംഗളൂരുവിൽ നിന്ന് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കമ്പിൽ ഹാനി ഹദാഷിനെ (26) ആണ് ലഹരി കൈമാറുന്നതിനിടയിൽ ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. വിദേശത്ത് പഠനം പൂർത്തിയാക്കിയ പ്രതി വിദേശബന്ധങ്ങൾ ഉപയോഗപ്പെടുത്തി ബെംളൂരുവിൽ മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഖ്യകണ്ണിയായി പ്രവർത്തിച്ചുവരികയായിരുന്നു.





