മഡ്രിഡ്: സ്പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി 88 ലക്ഷം രൂപ നൽകി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. മഡ്രിഡിലെ സിയേറ ഒസ്റ്റെ പ്രവിശ്യയിൽ കാട്ടുതീ ബാധിച്ച മേഖലകളിലെ ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്കായാണ് മുൻ ബാഴ്സലോണ താരം കൂടിയായ മെസ്സി സാമ്പത്തിക സഹായം നൽകിയത്.
പ്രാദേശിക ഭരണകൂടത്തിന്റെ തലവൻ ഇസബെൽ ഡയസ് അയുസോയാണ് മെസ്സിയുടെ സഹായവിവരം പുറത്തുവിട്ടത്. യൂറോപ്പിലുണ്ടായ ഉഷ്ണതരംഗത്തെ തുടർന്ന് സ്പെയിനിൽ കാട്ടുതീ വ്യാപകമായിരുന്നു. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. നിരവധി പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
അർജന്റീനയിൽ ജനിച്ച മെസ്സി 13-ാം വയസിലാണ് ബാഴ്സലോണ ക്ലബ്ബിൽ കളിക്കാനായി സ്പെയിനിലെത്തിയത്. പിന്നീട് തന്റെ കരിയറിലെ 21 വർഷത്തോളം താരം സ്പെയിനിലായിരുന്നു. ബാഴ്സലോണയ്ക്കായി ദീർഘകാലം കളിച്ച മെസ്സി ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറുകയും നിരവധി നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
2010 മുതൽ യുനിസെഫിന്റെ ഗുഡ്‌വിൽ അംബാസഡറായ മെസ്സി സാമൂഹിക സേവന രംഗത്തും സജീവമാണ്. സ്വന്തം ചാരിറ്റബിൾ ഫൗണ്ടേഷനായ ‘ലിയോ മെസ്സി ഫൗണ്ടേഷൻ’ വഴി കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ മെസ്സി സഹായങ്ങൾ നൽകിവരുന്നു.
















































