കാസർകോട്: നീറ്റ് പുനഃപരീക്ഷ പരിശീലനത്തിനിടയിൽ ഹോസ്റ്റലിൽ ജീവനൊടുക്കിയ കാസർകോട് ബേക്കൽ പള്ളിക്കര സ്വദേശിനിയുടെ സഹോദരൻ മംഗളൂരുവിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ. മുക്കൂടയിലെ മഹേഷിന്റെ മകൻ അർജുൻ മഹേഷിനെ (24) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ ബജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലെ മറവൂർ എന്ന സ്ഥലത്തെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം അർജുൻ മഹേഷിന്റെ സഹോദരി ഐജ ആർ. മഹേഷിനെ ജൂൺ രണ്ടിന് പാലായിലെ ഒരു ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയ ഏക മലയാളി വിദ്യാർഥിയാണ് കാസർകോട് സ്വദേശിനിയായ ഐജ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു നീറ്റ് പരീക്ഷാ പരിശീലനത്തിന് ഐജ അഡ്മിഷനെടുത്തത്. നന്നായി പരീക്ഷ എഴുതിയിരുന്ന ആത്മവിശ്വാസത്തിലായിരുന്ന ഐജ പരീക്ഷ റദ്ദാക്കിയതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. പിന്നാലെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.





