തിരുവനന്തപുരം: രണ്ട് മാസം മുമ്പ് തിരുവനന്തപുരത്തെ വർക്കലയിൽ നിന്ന് കാണാതായ യുവതിയെ കോഴിക്കോട് താമരശ്ശേരിയിലെ ഒരു മസാജ് സെന്ററിൽ നിന്ന് പൊലീസ് കണ്ടെത്തി. ഏപ്രിൽ 12-നാണ് യുവതി വീടുവിട്ട് കാണാതായത്. രണ്ടുമാസമായി തുടരുന്ന അന്വേഷണത്തിനൊടുവിലാണ് താമരശ്ശേരിയിൽ കണ്ടെത്തിയത്.
യുവതി രണ്ടാഴ്ച മുമ്പാണ് മസാജ് സെന്ററിൽ ജോലിക്കായി എത്തിയതെന്നാണ് സ്ഥാപന ഉടമകൾ പൊലീസിന് നൽകിയ വിവരം. യുവതി അവിടെ എത്തിച്ച സാഹചര്യത്തെക്കുറിച്ചും കാണാതായതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
തുടർനടപടികൾക്കായി യുവതിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.






