മുംബൈ: രാജ്യത്തെ സ്വർണ ഉപഭോഗത്തിൽ ഏപ്രിൽ–ജൂൺ കാലയളവിൽ ആറ് ശതമാനം ഇടിവുണ്ടായതായി വേൾഡ് ഗോൾഡ് കൗൺസിൽ. 2026 ഏപ്രിൽ–ജൂൺ കാലയളവിൽ 131.4 ടൺ സ്വർണമാണ് രാജ്യത്ത് ഉപഭോഗം ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 139.7 ടണ്ണായിരുന്നു.
ഉയർന്ന സ്വർണവില, കസ്റ്റംസ് തീരുവ വർധന, സ്വർണം വാങ്ങുന്നത് നീട്ടിവെക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന എന്നിവയാണ് ഉപഭോഗം കുറയാൻ പ്രധാന കാരണങ്ങളെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ വിലയിരുത്തൽ.
എന്നാൽ അളവിൽ കുറവുണ്ടായപ്പോഴും മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള സ്വർണ ഉപഭോഗം 49.5 ശതമാനം ഉയർന്നു. 2025 ഏപ്രിൽ–ജൂൺ കാലയളവിൽ 1,32,500 കോടി രൂപയുടെ സ്വർണം ഉപയോഗിച്ചപ്പോൾ ഇത്തവണ ഇത് 1,98,100 കോടി രൂപയായി. ഉയർന്ന വിലയിലും സ്വർണത്തിനുള്ള ആളുകളുടെ താൽപര്യം തുടരുന്നതിന്റെ സൂചനയാണിതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ സി.ഇ.ഒ. സച്ചിൻ ജെയിൻ പറഞ്ഞു.
അതേസമയം, നിക്ഷേപ ആവശ്യത്തിനുള്ള സ്വർണ വാങ്ങലിൽ ഒൻപത് ശതമാനം വർധനയുണ്ടായി. നാണയങ്ങൾക്കും സ്വർണക്കട്ടികൾക്കുമാണ് നിക്ഷേപകർ കൂടുതൽ താൽപര്യം കാണിച്ചത്. 50.3 ടൺ സ്വർണം ഇത്തരത്തിൽ വിറ്റഴിഞ്ഞു. 4.2 ടൺ സ്വർണത്തിന് തുല്യമായ ഇ.ടി.എഫുകളും വിറ്റഴിച്ചു.
ഈ വർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 650 മുതൽ 750 ടൺ വരെ ആയിരിക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിലിന്റെ പ്രതീക്ഷ. നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, ഉയർന്ന പലിശനിരക്ക്, പണപ്പെരുപ്പം തുടങ്ങിയ ഘടകങ്ങൾ സ്വർണ വിപണിയിൽ നിർണായകമാകുമെന്നും സച്ചിൻ ജെയിൻ പറഞ്ഞു.
സ്വർണത്തിന്റെ തീരുവ വർധിപ്പിച്ചത് രാജ്യത്തേക്കുള്ള സ്വർണക്കള്ളക്കടത്ത് ഉയരാനും കാരണമായിട്ടുണ്ട്. ഇത് സംഘടിത സ്വർണവ്യാപാര മേഖലയ്ക്ക് തിരിച്ചടിയാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഏപ്രിൽ–ജൂൺ കാലയളവിൽ പഴയ സ്വർണം പുനരുപയോഗത്തിനായി നൽകുന്നതിലും 17 ശതമാനം കുറവുണ്ടായി. 19.2 ടൺ സ്വർണമാണ് ഇക്കാലയളവിൽ പുനരുപയോഗത്തിനായി എത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 23.1 ടണ്ണായിരുന്നു.
ഇന്ത്യയുടെ സ്വർണ ഇറക്കുമതിയിലും ഇടിവുണ്ടായി. ഏപ്രിൽ–ജൂൺ കാലയളവിൽ 98.1 ടൺ സ്വർണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 127.4 ടണ്ണായിരുന്നു ഇറക്കുമതി. 23 ശതമാനമാണ് ഇത്തവണ ഇറക്കുമതിയിലുണ്ടായ കുറവ്.


















































