ബംഗളൂരു: കർണാടകയിലെ ബംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറിയിലുണ്ടായ അപ്രതീക്ഷിത അപകടത്തിൽ ഒൻപത് തൊഴിലാളികൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിുക്കേറ്റു. വ്യാഴാഴ്ച രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
ഇവിടെ ക്രഷറിന്റെ മുകൾഭാഗത്ത് ട്രാക്ടർ ഉപയോഗിച്ച് പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ശരീരത്തിലേക്കും തലയിലേക്കും പതിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്വാറിയിൽ വീണുകിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.















































