തിരുവനന്തപുരം: മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ ക്രൈം റെക്കോർഡ്സ് ബ്യൂറോ സി.ഐ. യഹിയക്കെതിരെ കേസെടുത്തു. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന ബന്ധുക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.ഐ. ബഹളം സൃഷ്ടിച്ചതെന്നാണ് കേസ്.
കഴിഞ്ഞ ദിവസം ആയുധങ്ങളുമായി ആക്രമണത്തിന് എത്തിയ നാലംഗ സംഘത്തെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ടുപേർ സി.ഐ. യഹിയയുടെ ബന്ധുക്കളാണെന്ന് പോലീസ് പറയുന്നു. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് യഹിയ മദ്യലഹരിയിൽ സ്റ്റേഷനിലെത്തിയത്.
ആവശ്യം പോലീസ് അംഗീകരിക്കാതിരുന്നതോടെ സ്റ്റേഷനിൽ വാക്കേറ്റവും ബഹളവും ഉണ്ടായി. തുടർന്ന് ബലംപ്രയോഗിച്ച് ലോക്കപ്പിനുള്ളിൽ കയറിയ യഹിയയെ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് പുറത്തേക്ക് മാറ്റി. പിന്നീട് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
സംഭവത്തെ തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മദ്യലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനുമാണ് യഹിയക്കെതിരെ കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് തിരുവനന്തപുരം റൂറൽ എസ്.പി. നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പ് തല നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.


















































