ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും നിറംകെട്ട് ഹിറ്റ്മാൻ. രണ്ടാം മത്സരത്തിൽ 47 പന്തിൽ 26 റൺസ് നേടി പുറത്തായതോടെ, അദ്ദേഹത്തിന്റെ ഫോം വീണ്ടും വിമർശന വിധേയമാകുന്നു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരം രോഹിത് ശർമയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. ആദ്യ മത്സരത്തിൽ വെറും 11 റൺസ് മാത്രമാണ് താരത്തിനു നേടാനായത്.
ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച സമയത്തുതന്നെ, 39കാരനായ രോഹിത് 2027 ഏകദിന വേൾഡ് കപ്പ് വരെ തുടരാനാകുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. നിലവിലെ പ്രകടനങ്ങൾ ഈ സംശയങ്ങൾ കൂടുതൽ ശക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ എട്ട് ODIകളിൽ നിന്നായി 241 റൺസ് മാത്രമാണ് രോഹിത് നേടിയത്. ശരാശരി 30.1യും സ്‌ട്രൈക്ക് റേറ്റ് 88.6ഉം. കൂടാതെ, ഒരു അർധസെഞ്ചുറി മാത്രം നേടിയിട്ടുണ്ട്.
ഇതിനിടെ യുവതാരം ഇതിനിടെ യശസ്വി ജെയ്സ്വാൾ മികച്ച ഫോമിലാണ്. മൂന്ന് ഇന്നിംഗ്സുകളിൽ രണ്ട് സെഞ്ചുറികൾ നേടിയ ജെയ്സ്വാളിന് കൂടുതൽ അവസരങ്ങൾ നൽകണമെന്ന നിലപാട് സെലക്ടർമാരിൽ ശക്തമാണ്. 2027 വേൾഡ് കപ്പ് മുന്നിൽ കണ്ടുള്ള ടീം പുനർനിർമാണത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരം രോഹിത് ശർമ്മയുടെ അവസാന ഏകദിനം ആയേക്കാമെന്നാണ് സൂചന. ദേശീയ സെലക്ഷൻ കമ്മിറ്റി അദ്ദേഹത്തെ 2027 വേൾഡ് കപ്പ് പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
സെലക്ടർമാർ രോഹിത്തിനെ അവരുടെ ഭാവി പദ്ധതികളിൽ ഉൾപ്പെടുത്തുന്നില്ലെന്നും, പരമ്പരയ്ക്ക് ശേഷം പുതിയ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്കുശേഷം സെപ്റ്റംബർ മാസത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഹോം സീരീസിൽ പുതിയ താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കുമെന്നാണ് സൂചന. അതോടെ രോഹിത്തിന്റെ ODI കരിയർ അവസാന ഘട്ടത്തിലാണോ എന്ന ചർച്ച ശക്തമാകുന്നു.
റിപ്പോർട്ടുകൾ പ്രകാരം, സെലക്ടർമാർ തീരുമാനം അറിയിച്ചതിൽ രോഹിത് സന്തോഷവാനല്ല. ഫിറ്റ്നസിൽ ശ്രദ്ധ ചെലുത്തിയിട്ടും അവസരം കുറയുന്നത് അദ്ദേഹത്തെ നിരാശപ്പെടുത്തിയെന്നാണ് വിവരം. എന്നാൽ അന്തിമ തീരുമാനം രോഹിത് ശർമ്മ തന്നെ എടുക്കേണ്ടതാണെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം വിരാട് കോലി മികച്ച ഫോമിലും ഫിറ്റ്നസിലും തുടരുന്നതിനാൽ, അദ്ദേഹത്തിന് ടീമിൽ ഉറച്ച സ്ഥാനം തുടരുന്നുവെന്ന വിലയിരുത്തലും റിപ്പോർട്ടുകളിൽ പറയുന്നു. പുതിയ തലമുറയ്ക്കു വഴിമാറി കൊടുക്കേണ്ട സമയമാണെന്ന നിലപാട് സെലക്ഷൻ കമ്മിറ്റിയിലും ടീം മാനേജ്മെന്റിലും വ്യക്തമാണ്. ഇതിനൊപ്പം, ഇന്ത്യൻ ക്രിക്കറ്റിൽ ഒരു തലമുറ മാറ്റത്തിന്റെ തുടക്കമാണോ ഇത് എന്ന ചോദ്യമാണ് ആരാധകരിൽ ഉയരുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ODIയിൽ രോഹിത് കളിക്കുമോ, കളിച്ചാൽ അതു അദ്ദേഹത്തിന്റെ അവസാന മത്സരമാകുമോ എന്നതിലേക്കാണ് ഇപ്പോൾ എല്ലാ ശ്രദ്ധയും.

















































