തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ സംഘടനയിലെ ഒരു വിഭാഗം രംഗത്തെത്തി. ഏതെങ്കിലും നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ നാലെഴുതിയാൽ കേരള മുഖ്യമന്ത്രിയും സർക്കാരും വീഴില്ല.
മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ പ്രതികരിച്ചു.
അലോഷ്യസിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. ഇന്നലെ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. ചിലര്‍ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു വിമർശനം. പ്ലീഡര്‍ നിയമനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ട് പരാതി നല്‍കിയില്ല. പകരം വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയാണ് ചെയ്തത്. മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോള്‍ മാത്രം കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെന്നും മുബാസ് കുറ്റപ്പെടുത്തി.
മറ്റു നിയമനങ്ങളില്‍ ഒന്നും പ്രവര്‍ത്തകരുടെ വികാരം സംരക്ഷിക്കാന്‍ തോന്നാത്തവര്‍ക്ക് പ്ലീഡര്‍ നിയമനത്തില്‍ മാത്രം അത് തോന്നിയെന്നും വിമര്‍ശനമുണ്ട്. വ്യക്തി താത്പര്യങ്ങള്‍ക്കും മാധ്യമ ശ്രദ്ധക്കുമായി സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടില്‍ നിര്‍ത്തുന്നു. നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെക്കാന്‍ വ്യഗ്രത കാണിക്കുന്നവര്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് ഇതുവരെ സംസാരിച്ച് കണ്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.






