വിജയവാഡ: എട്ടുവർഷത്തെ പ്രണയം തകർന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹവുമായി ബന്ധുക്കൾ കാമുകന്റെ വീട്ടിലെത്തി. കാമുകൻ മൃതദേഹത്തിൽ താലിചാർത്തണമെന്നും യുവതിയെ കാമുകന്റെ നാട്ടിൽ സംസ്കരിക്കണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം ഇരുകുടുംബങ്ങളും തമ്മിൽ തർക്കത്തിനും നേരിയ സംഘർഷത്തിനും ഇടയാക്കി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയും മുംബൈയിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായിരുന്ന കീർത്തി (24) ജൂലൈ 14-നാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്.
ഖത്തറിൽ എൻജിനീയറായി ജോലി ചെയ്യുന്ന സായ് സുമന്തുമായി കഴിഞ്ഞ എട്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്നും, വിവാഹവാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്നുമാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം. മരണത്തിന് മുമ്പ് കാമുകന്റെ ഗ്രാമത്തിൽ തന്നെ സംസ്കരിക്കണമെന്ന ആഗ്രഹം കീർത്തി പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹവുമായി സായ് സുമന്തിന്റെ സ്വദേശമായ പൊണ്ടുരുവിലെത്തിയത്. എന്നാൽ യുവാവ് വിദേശത്തായിരുന്നതിനാൽ നാട്ടിലുണ്ടായിരുന്നില്ല.
അദ്ദേഹത്തെ തിരിച്ചുവരുത്തി മൃതദേഹത്തിൽ താലിചാർത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ പ്രതിഷേധിച്ചതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. പൊലീസ് ഇടപെട്ട് ഇരുകുടുംബങ്ങളുമായും ചർച്ച നടത്തിയതിനെ തുടർന്ന് ഒടുവിൽ യുവതിയുടെ മൃതദേഹം സായ് സുമന്തിന്റെ ഗ്രാമത്തിൽ തന്നെ സംസ്കരിക്കാൻ ധാരണയായി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.


















































