തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിർണായക പ്രഖ്യാപനങ്ങളുമായി രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ലഹരിമാഫിയയെ നിയന്ത്രിക്കാൻ ‘ഓപ്പറേഷൻ തുഫാൻ – ദ നർക്കോ ഹണ്ട്’ എന്ന പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിജിപിയുടെയും പൊലീസ് ഉപദേഷ്ടാവിന്റെയും സാന്നിധ്യത്തിലായിരുന്നു വാർത്താസമ്മേളനം. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റേഷനിലെത്തുന്ന എല്ലാവരെയും ‘ഗുഡ് മോണിംഗ്’ പറഞ്ഞ് സ്വീകരിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്തും. സ്റ്റേഷനുകളുടെ ശുചിത്വം ഉറപ്പാക്കുകയും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കുകയും ചെയ്യും. പരാതികൾ സമചിത്തതയോടെ കേൾക്കുന്ന രീതിയാണ് നടപ്പാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് ട്രെയിനിംഗ് സിലബസിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. നിയമലംഘകരെയും നിയമത്തെ വെല്ലുവിളിക്കുന്നവരെയും വെച്ചുപൊറുപ്പിക്കില്ലെന്നും സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നതതല യോഗത്തിൽ എസ്എച്ച്ഒ സംവിധാനത്തെക്കുറിച്ചും ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥരോട് അഭിപ്രായം തേടി. നിലവിലെ സംവിധാനത്തിൽ അഴിച്ചുപണി വേണമെന്ന അഭിപ്രായമാണ് ഐപിഎസ് ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചത്. ഇതുമായി ബന്ധപ്പെട്ട മുൻ പഠനങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
ജനങ്ങൾക്ക് വേണ്ടിയുള്ള നടപടികൾക്കിടെ പൊലീസ് ഉദ്യോഗസ്ഥർ പ്രശ്നങ്ങളിൽപ്പെടുകയാണെങ്കിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും, സർക്കാർ മാറിയതിന്റെ പേരിൽ പൊലീസിൽ അടിമുടി അഴിച്ചുപണി ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല ഉറപ്പുനൽകി. ‘ഓപ്പറേഷൻ തുഫാൻ’ പദ്ധതിക്കായി ഉടൻ വിശദമായ പ്രവർത്തനരേഖ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
















































