ആലപ്പുഴ: ആലപ്പുഴയിൽ പരാതി അന്വേഷിക്കാന്‍ പോയ വനിത ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ക്രൂര മർദ്ദനം. അമ്മയെ നോക്കുന്നില്ലെന്നപരാതി അന്വേഷിക്കാൻ പോയ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ മായ എസ്. പണിക്കർക്കാണ് മകന്റെ മർദനമേറ്റത്. റൂമിൽ കയറ്റിയും മർദിച്ചെന്ന് ഉദ്യോഗസ്ഥ പരാതി നൽകി.
സംഭവത്തിൽ പട്ടണക്കാട് പൊലിസ് കേസെടുത്തു. രണ്ട് ദിവസം മുമ്പാണ് മറ്റ് രണ്ട് മക്കൾ വനിത ശിശുവികസന വകുപ്പിൽ പരാതി നൽകിയത്. തങ്ങളുടെ അമ്മയെ കൂടെയുള്ള മകൻ പ്രസന്നകുമാർ വേണ്ടവിധം പരിചരിക്കുന്നില്ലെന്നായിരുന്നു പരാതി. ഇത് അന്വേഷിക്കാനാണ് മായ പോയത്. ഉദ്യോഗസ്ഥ വീട്ടിലെത്തിയപ്പോൾ കിടപ്പ് രോഗിയായ അമ്മ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
അവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ വീട്ടിലേക്ക് കയറി വന്ന മകൻ ഉദ്യോഗസ്ഥയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇവിടെ വന്ന് കാര്യങ്ങൾ അന്വേഷിക്കാൻ നിങ്ങളാരാണ് എന്നു പറഞ്ഞായിരുന്നു മർദനം. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും കാറിൽ കയറാൻ നോക്കുമ്പോഴും ഉദ്യോഗസ്ഥയെ ഇയാൾ ആക്രമിച്ചു. വളരെ ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായത്. ഡിജിപിയോട് കർശന നടപടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വനിത ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

















































