ന്യൂഡൽഹി: സിജെപി സംഘടിപ്പിച്ച വിദ്യാർഥി സമരത്തെ തുടർന്ന് ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിലെ വിവിധ ജില്ലകളിൽ നിന്നായി എത്തിയ 200 പേരെ പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. കുരുമുളക് സ്പ്രേ ഉൾപ്പെടെയുള്ള വസ്തുക്കളുമായി സമരത്തിന് എത്തിയവരാണ് കസ്റ്റഡിയിലുള്ളവരെന്ന് പൊലീസ് അറിയിച്ചു. ഇവർക്കൊപ്പം ചില ഗുണ്ടാസംഘാംഗങ്ങളും ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ വിദ്യാർഥികളല്ലാത്തവരാണ് കസ്റ്റഡിയിലുള്ളവരിൽ ഭൂരിഭാഗമെന്നും പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇന്ന് രാവിലെ 7.30 മുതൽ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, സിജെപി പ്രതിനിധികളും കേന്ദ്ര സർക്കാരും തമ്മിൽ ഇന്ന് ചർച്ച നടക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കൂടിക്കാഴ്ചയുടെ വേദി സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഉച്ചയ്ക്ക് 12.30ന് ചർച്ച നടക്കാനാണ് സാധ്യത.
എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി നേതൃത്വം വ്യക്തമാക്കി. രാജി ലഭിക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നും സംഘടന അറിയിച്ചു.
ഇതിനിടെ, സമരത്തിനിടെ ദ്രുതകർമ സേന പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചെന്ന മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ സി.ആർ.പി.എഫ്. നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥി സമരത്തിന് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കരുതെന്ന നിർദേശവും ബന്ധപ്പെട്ട സേനയ്ക്ക് നൽകിയതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.
പ്രദേശത്ത് സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. ഇന്റർനെറ്റ് നിയന്ത്രണവും തുടരുന്ന സാഹചര്യത്തിൽ സംഘർഷ സാധ്യത ഒഴിവാക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചത്.



















































