കോയമ്പത്തൂർ: തമിഴ്നാട്ടിലെ കണ്ണംപാളയത്തിന് സമീപം പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. മുഖ്യപ്രതി നാഗപട്ടണം സ്വദേശിയായ കാർത്തിക്(33) ഉം ഇയാളെ സഹായിച്ച മോഹൻ രാജുമാണ് പൊലീസ് പിടിയിലായത്.
വ്യാഴാഴ്ച വൈകീട്ട് കാണാതായ പെൺകുട്ടിയെ വെള്ളിയാഴ്ച കണ്ണംപാളയത്തിനടുത്തുള്ള ഒരു തടാകക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീടിനടുത്തുള്ള ഒരു പലചരക്ക് കടയിലേക്ക് പോവുകയായിരുന്ന കുട്ടിയെ കാർത്തിക് ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് കേസ്. സംഭവം പ്രദേശത്ത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇരയുടെ മാതാപിതാക്കളും ബന്ധുക്കളും പൊതുജനങ്ങളും വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ സുലൂർ റോഡിൽ പ്രതിഷേധ പ്രകടനം നടത്തി. സുലൂർ നിയോജകമണ്ഡലം ടി.വി.കെ എംഎൽഎ എൻ.എം. സുകുമാറും പ്രദേശം സന്ദർശിക്കുകയും ശരിയായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിജയ് അറിയിച്ചു.
















































