ന്യൂഡൽഹി: ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ ദുൽഖർ സൽമാനും നടൻ ആസിഫ് അലിയും. യുവാക്കളുടെ ആശങ്കകൾ കേൾക്കുകയും സമാധാനപരമായ പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്വമാണെന്ന് ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദുൽഖർ തന്റെ നിലപാട് പങ്കുവെച്ചത്. വിദ്യാഭ്യാസം പ്രതീക്ഷയുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും പ്രതീകമാണെന്നും എന്നാൽ ഇന്ന് വിദ്യാർഥികൾ നേരിടുന്ന അനിശ്ചിതത്വം ഏറെ വേദനാജനകമാണെന്നും അദ്ദേഹം കുറിച്ചു.
ചില വിദ്യാർഥികൾക്ക് മുന്നോട്ട് പോകാൻ വഴിയില്ലെന്ന് തോന്നുകയും ചിലർ ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിക്കുകയും ചെയ്യുന്ന സാഹചര്യം ഹൃദയം തകർക്കുന്നതാണെന്ന് ദുൽഖർ പറഞ്ഞു. എല്ലാ അഭിപ്രായവ്യത്യാസങ്ങൾക്കും അപ്പുറം സ്വപ്നങ്ങളും പ്രതീക്ഷകളും കുടുംബങ്ങളുമുള്ള മനുഷ്യരെയാണ് കാണേണ്ടതെന്നും സഹാനുഭൂതിയിലൂടെയും സംവാദത്തിലൂടെയും മാത്രമേ ശക്തമായ ഭാവി കെട്ടിപ്പടുക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമരം ചെയ്യുന്ന വിദ്യാർഥികളും യുവജനങ്ങളും രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണെന്ന് നടൻ ആസിഫ് അലി പറഞ്ഞു. അവർക്ക് പറയാനുള്ളത് കേൾക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും അവർക്കൊപ്പം നിൽക്കുക പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ തുടരുന്ന സമരം കഴിഞ്ഞ ദിവസം പുതിയ വഴിത്തിരിവിലെത്തിയിരുന്നു. പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയതിനെതിരെ രാജ്യവ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് ദുൽഖറിന്റെയും ആസിഫ് അലിയുടെയും പ്രതികരണം ശ്രദ്ധേയമായത്.

















































