ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലെ യുഎസ്- ഇറാൻ സമാധാന ചർച്ചകളിൽ പാക്കിസ്ഥാനേക്കാൾ നന്നായി ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാനാകുമെന്ന് റഷ്യ. ഇതിനായി ഇന്ത്യയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ലാവ്‌റോവ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള അടിയന്തര പ്രശ്നങ്ങളിൽ ആശയവിനിമയ ചാനലുകൾ സൃഷ്ടിക്കുന്നതിൽ പാക്കിസ്ഥാൻ ഇപ്പോൾ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദീർഘകാലപരമായ മധ്യസ്ഥതയ്ക്കോ, സ്ഥിരതയാർന്ന നയതന്ത്ര ഇടപെടലിനോ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ത്യയ്ക്ക് അതിന് ആവശ്യമായ വിപുലമായ നയതന്ത്ര പരിചയസമ്പത്തും അന്താരാഷ്ട്ര വിശ്വാസ്യതയും ഉണ്ടെന്ന് ലാവ്‌റോവ് ചൂണ്ടിക്കാട്ടി.
പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷാവസ്ഥയെ തുടർന്ന് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം അതീവ സംഘർഷപൂർണമായ സാഹചര്യത്തിലാണ് ഈ പരാമർശം ഉണ്ടായിരിക്കുന്നത്. ടെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള ബാക്ക്‌ചാനൽ നയതന്ത്ര ചർച്ചകൾ സജീവമാകുന്നതിനിടെ പാക്കിസ്ഥാൻ അടുത്തിടെ ഇടനിലക്കാരന്റെ നിലയിൽ പ്രവർത്തിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹി സന്ദർശനത്തിനിടെ ലാവ്‌റോവ് പ്രധാനമന്ത്രി മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി. യുക്രൈൻ യുദ്ധം, പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം, ഊർജ സഹകരണം, ആഗോള നയതന്ത്ര വിഷയങ്ങൾ എന്നിവ ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാൻ സംഭാഷണവും നയതന്ത്ര ഇടപെടലും മാത്രമാണ് മികച്ച മാർഗമെന്ന നിലപാട് ഇന്ത്യ വീണ്ടും ആവർത്തിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
















































