തിരുവനന്തപുരം: പൊതിച്ചോറിനെക്കുറിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അപക്വമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യു.ഡി.എഫ് സർക്കാരിന്റെ നയമാണെന്നാണ് മന്ത്രി പറയുന്നത്. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവരെ തടയുന്നത് ഒരു നയമായി സ്വീകരിക്കുന്ന സർക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ അന്നം മുടക്കുന്നത് ഒരു നയമായി സ്വീകരിച്ച മറ്റൊരു സർക്കാരിനെയും കണ്ടിട്ടില്ലെന്നും ബിനോയ് വിശ്വം വിമർശിച്ചു. നമ്മുടെ നാട്ടിൽ വിശക്കുന്നവന് അന്നം നൽകുന്നത് ഒരു ദൗത്യമായി ഏറ്റെടുത്ത നിരവധി പ്രസ്ഥാനങ്ങളുണ്ട്. അവരിൽ പലരും ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തുന്ന ഇടപെടൽ നിരവധി മനുഷ്യർക്ക് ആശ്വാസം പകരുന്നുണ്ട്.
എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളെല്ലാം മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിക്കുന്നുണ്ട്. പൊതിച്ചോർ വാങ്ങാനെത്തുന്നവരോ അത് തയാറാക്കി നൽകുന്നവരോ ഇതിൽ രാഷ്ട്രീയം കാണുന്നില്ല. സേവനതൽപരരായ ചെറുപ്പക്കാരുടെ സാമൂഹിക പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് പൊതിച്ചോർ വിതരണം. മഴയത്തും വെയിലത്തും ആഘോഷ ദിനങ്ങളിലുമെല്ലാം സ്വന്തം കാര്യങ്ങൾ മാറ്റി വെച്ച് വീടുകയറി ഭക്ഷണ പൊതികൾ ശേഖരിച്ച് ആശുപത്രികൾക്ക് മുന്നിൽ, കാത്തു നിൽക്കുന്നവർക്ക് സ്നേഹപൂർവം വിതരണം ചെയ്യുകയെന്നത് ശ്രമകരമായ പ്രവർത്തനമാണ്.
യുവജന സംഘടന പ്രവർത്തനത്തിന്റേയോ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിന്റേയോ അനുഭവമുള്ള ഒരു പൊതുപ്രവർത്തകനും ഈ സന്നദ്ധ പ്രവർത്തനത്തെ തള്ളിപ്പറയാനാകില്ല. വിശപ്പിന് രാഷ്ട്രീയമില്ല, ആശുപത്രികളിൽ രോഗികളായും കൂട്ടിരിപ്പുകാരായും എത്തുന്ന മനുഷ്യരുടെ വിശപ്പിന് പരിഹാരം കാണാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോയെന്നും ബിനോയ് വിശ്വം ചോദിച്ചു. അതിനെക്കുറിച്ച് ആലോചിക്കും എന്നാണ് മന്ത്രി പറയുന്നത്. ആലോചനപോലും തുടങ്ങും മുമ്പ് നിലവിലുള്ളതിനെ ഇല്ലാതാക്കാൻ എന്തിന് ഇങ്ങനെ വ്യഗ്രത കാണിക്കുന്നു. അന്നം കൊടുക്കാത്തവന് അന്നം മുടക്കാൻ അവകാശമില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

















































