കോഴിക്കോട്: സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അതിന് തയ്യാറാകാത്തതിൽ പ്രകോപിതയായി കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ചുതകർത്തു. സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസാണ് അടിച്ചുപൊട്ടിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തെ സ്റ്റോപ്പിൽ ബസ് നിർത്തണമെന്നായിരുന്നു യുവതിയുടെ ആവശ്യം.
എന്നാൽ ഇവിടെ സ്റ്റോപ്പില്ലാത്തതിനാൽ ബസ് നിർത്താൻ കഴിയില്ലെന്ന് ഡ്രൈവറും കണ്ടക്ടറും പറഞ്ഞതോടെ യുവതി ബഹളമുണ്ടാക്കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും വിഡിയോയും യുവതി ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ബസ്സിനുള്ളിലെ ഗ്ലാസ് ബ്രേക്കിങ് ഹാമർ ഉപയോഗിച്ച് മുൻവശത്തെ ഡോറിന്റെ ചില്ല് തകർക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കാൻ യു സ്റ്റോപ്പ് ദി വെഹിക്കിൾ എന്നെല്ലാം യുവതി പറയുന്നതും സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വാഹനം നിർത്താനാവില്ലെന്ന് ജീവനക്കാർ പറയുന്നതും വീഡിയോയിൽ കേൾക്കാം. കെഎസ്ആർടിസി ജീവനക്കാരും യുവതിയും കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെത്തിയെന്നും നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിന്മേൽ യുവതിയെ വിട്ടയച്ചെന്നുമാണ് പോലീസ് നൽകുന്ന വിവരം.


















































