ടെഹ്‌റാൻ: ഇറാന്‍ തകര്‍ത്ത യുഎസ് വ്യോമസേനയുടെ എഫ്-15ഇ യുദ്ധവിമാനത്തിലെ സൈനികനെ ജീവനോടെ പിടികൂടി കൈമാറുന്നവർക്ക് ഇറാൻ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചു. പ്രാദേശിക ടെലിവിഷൻ ചാനലുകളിലൂടെയാണ് ഈ വാഗ്ദാനം നൽകിയിരിക്കുന്നതെന്നാണ് സിഎന്‍എന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേത്തുടർന്ന് ഇറാനിലെ ഗോത്രവർഗക്കാരും ഗ്രാമീണരും പൈലറ്റിനായുള്ള തെരച്ചിലിൽ പങ്കുചേരുന്നുവെന്നാണ് വാര്‍ത്തകള്‍.
തെക്കൻ ഖുസെസ്താൻ പ്രവിശ്യയിൽ നിന്നുള്ള ഒരു വീഡിയോയിൽ, തോക്കുകളും ഇറാൻ പതാകയുമായി ആളുകൾ തെരച്ചിൽ നടത്തുന്നത് കാണാം. പ്രചരിക്കപ്പെടുന്ന വീഡിയോകളുടെ ആധികാരികത ഉറപ്പാക്കിയിട്ടില്ല. എന്നാല്‍ സൈനികനെ കണ്ടെത്താൻ ഹെലികോപ്റ്ററുകളും സി-130 വിമാനങ്ങളും ഉപയോഗിച്ച് അതീവ രഹസ്യമായ തെരച്ചിലാണ് അമേരിക്ക നടത്തുന്നത്.
രക്ഷാപ്രവർത്തനത്തിനിടെ അമേരിക്കൻ ഹെലികോപ്റ്ററുകൾക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് വെടിവയ്പുണ്ടായി. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസ് വിശദമായി ധരിപ്പിച്ചു. യുദ്ധസാഹചര്യത്തിൽ ഇത്തരം അപകടങ്ങൾ സ്വാഭാവികമാണെന്നും ഇത് ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. എഫ് 15 ഇ പോർവിമാനവും എ 10 വാർ തോഗ് വിമാനവുമാണ് ഇറാൻ വെടിവെച്ചിട്ടത്.













































