വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ആയുധ ശേഖരത്തിൽ ഉണ്ടാകുന്ന കുറവ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. അത്യാധുനിക ക്രൂസ് മിസൈലുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ശേഖരം വേഗത്തിൽ ചുരുങ്ങുകയാണെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ പക്കലുള്ള അത്യാധുനിക ടോമാഹോക്ക് (Tomahawk) മിസൈലുകളുടെ ശേഖരത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസത്തിനുള്ളിൽ മാത്രം അമേരിക്ക 850-ലധികം ടോമാഹോക്ക് മിസൈലുകളാണ് വിക്ഷേപിച്ചു കഴിഞ്ഞു. ഇത് മുൻകാല സംഘർഷങ്ങളിൽ ഉപയോഗിച്ചതിനേക്കാൾ വളരെ ഉയർന്ന കണക്കാണെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) വിലയിരുത്തുന്നു.
അമേരിക്കയുടെ പക്കൽ നിലവിൽ ഏകദേശം 3,000 ടോമാഹോക്ക് മിസൈലുകൾ കൂടി ബാക്കിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യുദ്ധം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഇത് വളരെ വേഗം തീരുമെന്നാണ് ആശങ്ക 1300 മുതൽ 2500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക് കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ശേഷിയുണ്ട്.
ഇറാനുമായുള്ള യുദ്ധത്തിൽ മിസൈലുകൾ വൻതോതിൽ ഉപയോഗിക്കുന്നത് പസഫിക് മേഖലയിൽ, പ്രത്യേകിച്ച് ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ പ്രതിരോധ നീക്കങ്ങളെ ബാധിക്കുമെന്ന് പെന്റഗൺ ഭയപ്പെടുന്നു. തായ്‌വാനെതിരെയുള്ള ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഈ മിസൈലുകൾ അത്യാവശ്യമാണെന്ന് ആയുധരംഗത്ത് വിദഗ്ധനായ മാർക്ക് കാൻസിയൻ പറയുന്നു.
ഒരു ടോമാഹോക്ക് മിസൈലിന് ഏകദേശം 3.5 മില്യൺ ഡോളർ (ഏകദേശം 29 കോടി രൂപ) ചെലവ് വരും. യുദ്ധമേഖലയിൽ ആധിപത്യം ഉറപ്പിച്ച സാഹചര്യത്തിൽ, ചെലവ് കുറഞ്ഞ ജെഡിഎഎം (JDAM) പോലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ട്. ഇറാനിൽനിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന പേട്രിയറ്റ് (Patriot) മിസൈലുകളുടെ ശേഖരത്തിലും കുറവുണ്ടായിട്ടുണ്ട്. ആകെയുള്ള 4,000 മിസൈലുകളിൽ ഏകദേശം 1,000 എണ്ണം ഇതിനകം ഉപയോഗിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. തീർന്നുപോയ മിസൈൽ ശേഖരം പഴയതുപോലെയാക്കാൻ രണ്ടോ മൂന്നോ വർഷം എടുത്തേക്കും.
നിലവിലെ സാഹചര്യത്തിൽ ഉൽപ്പാദനം വേഗത്തിലാക്കാൻ യുഎസ് ഭരണകൂടെ പ്രതിരോധ കമ്പനികളുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ നിലവിലെ ഈ പ്രതിസന്ധി, മറ്റ് രാജ്യങ്ങളുമായുള്ള സുരക്ഷാ കരാറുകളെയും അമേരിക്കയുടെ പ്രതിരോധ സജ്ജീകരണങ്ങളെയും എങ്ങനെ ബാധിക്കും എന്ന ആശങ്ക അന്താരാഷ്ട്ര നിരീക്ഷകർ ഉയർത്തുന്നുണ്ട്.













































