ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത് പോലീസ്. അഖിലേഷ് യാദവ്, പ്രിയങ്കാ ഗാന്ധി, കെ.സി. വേണു ഗോപാൽ, ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിലെ പ്രതിഷേധം മൂന്ന് മണിക്കൂറോളം പിന്നിട്ടതോടെയാണ് പോലീസ് നടപടി ഉണ്ടായത്. കഴിഞ്ഞദിവസം സിജെപി പ്രവർത്തകർക്കെതിരേ നടന്ന പോലീസ് നടപടിക്കെതിരായി നടന്ന പ്രതിഷേധത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പോലീസ് ബലംപ്രയോഗിച്ചതിനെത്തുടർന്ന് രാഹുലിന്റെ മുഖത്ത് പരുക്കുപറ്റി. മുതിർന്ന നേതാക്കൾക്കുനേരെയും പോലീസ് ബലം പ്രയോഗിച്ചു നീക്കി.
കൂടാതെ പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ സമരമിരിക്കുന്ന മറ്റ് വനിതാ എംപിമാരടക്കമുള്ള കോൺഗ്രസ് നേതാക്കളേയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പല എംപിമാർക്കും പരുക്കേറ്റു. തലസ്ഥാനത്തെ പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽപേർ സമരസ്ഥലത്തേക്ക് എത്തിച്ചേരുന്ന സാഹചര്യത്തിലാണ് കൂട്ട നടപടിയെടുത്തത്.
ഇതിനിടെ അനുനയനീക്കവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമരവേദിയിലെത്തി രാഹുലുമായി അരമണിക്കൂറോളം ചർച്ച നടത്തിയെങ്കിലും ഫലംകണ്ടിരുന്നില്ല. തുടർന്ന്, മന്ത്രി തിരികെ പോയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി ഉണ്ടായത്.
അതേസമയം സിജെപി പ്രതിഷേധത്തിനുനേർക്ക് ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ സമരം ആരംഭിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മുതിർന്ന നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പിസി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് അടക്കമുള്ളവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞദിവസം സിജെപി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം.

















































