കൊച്ചി: താരസംഘടന ‘അമ്മ’യുടെ പ്രസിഡന്റ് ശ്വേതാ മേനോന് മറുപടിയുമായി നടി ഉഷാ ഹസീന. ‘ഝാൻസി റാണി ചമയാതെ അടർക്കളത്തിലെ അഭിമന്യൂ’, എന്ന തലക്കെട്ടിൽ പങ്കുവെച്ച കുറിപ്പിലാണ് മറുപടി. സംഘടനയിൽ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങളാണ്. ‘അമ്മ’ ഫണ്ട് തിരിമറി നടത്തിയെന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെയുള്ളത്.
സംഘടനയുടെ തലപ്പത്ത് ഇരിക്കാൻ എന്തുയോഗ്യതയാണുള്ളതെന്നും ഉഷാ ഹസീന ചോദിച്ചു. ശ്വേതയുടെ പേര് പറയാതെയാണ് വിമർശനം. ‘ഝാൻസി റാണി ചമയാതെ അടർക്കളത്തിലെ അഭിമന്യൂ… ‘ ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും ‘അമ്മ’യുടെ തലപ്പത്ത് വരില്ല’ എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ.
നിങ്ങൾ തലപ്പത്തുനിന്ന് ഇറങ്ങിപ്പോകണമെന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച (കള്ള)കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു. അതാണ് സത്യം. ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം’, ഉഷാ ഹസീന വ്യക്തമാക്കി.

















































