കോഴിക്കോട്: തന്റെ സഹോദരനെ വീട്ടിൽ കയറി 52 തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് പാളയത്ത് കഴിഞ്ഞദിവസം കുത്തേറ്റ് മരിച്ച ബിജുവിന്റെ സഹോദരി ബിന്ദു. വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് പിതാവിന്റെ സഹോദരന്റെ മകനായ 22 കാരൻ ദീപക്കെത്തിയത്. തന്റെ ഏട്ടൻ എടുത്ത് വളർത്തിയവനാണ് ഏട്ടനെ കൊന്നുകളഞ്ഞതെന്നും ബിന്ദു പ്രതികരിച്ചു.
മുൻപ് ലഹരിക്ക് അടിമയായ ദീപക്കിനെ ഡീ- അഡിക്ഷൻ സെന്ററിലാക്കുമ്പോൾ ആ കൂടെ ഏട്ടനും പോയിരുന്നു. അതിന്റെ വൈരാഗ്യമാണ് അവനം. അല്ലാതെ അവൻ മാനസിക രോഗിയല്ല. രാവിലെ മുതൽ ലഹരി ഉപയോഗവും രാത്രിയിലെ അലഞ്ഞുതിരിയലുമാണ് ദീപക്കിന്റെ പ്രധാന രീതിയെന്നും ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.
മാത്രമല്ല കൊലപാതകത്തിനുശേഷം മനപ്പൂർവം തെളിവ് നശിപ്പിച്ചു. അവൻ ലഹരിക്കടിമയാണ്. കൊലപാതകശേഷം ബിജുവിന്റെ മൊബൈൽ ഫോണും വണ്ടിയുടെ താക്കോലും കൊണ്ടുപോയി. അവൻ ലഹരി സംഘത്തിലെ കണ്ണിയാണ്. ലഹരി സംഘത്തിലെ മറ്റ് ആളുകളും കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. സ്വന്തം അമ്മയെപ്പോലും തങ്ങളുടെ കൺമുന്നിൽനിന്ന് ദീപക് മർദിച്ചിരുന്നു. ലഹരി വാങ്ങാൻ പണം നൽകുന്നവർ അവന് നല്ല ആളുകളാണ്. ഉപദേശിക്കുന്നവർ ശത്രുക്കളാണെന്നും ബിന്ദു പറഞ്ഞു.
അതുപോലെ അവൻ മാനസികരോഗമില്ലെന്നും അങ്ങനെ അഭിനയിക്കുകയാണെന്നും ബിന്ദു കുറ്റപ്പെടുത്തി. ലഹരി കിട്ടാത്തതിന്റെ പ്രശ്‌നങ്ങൾ മാത്രമുള്ള പ്രതി, കൊലപാതകത്തിന് ശേഷവും അത് മറച്ചുവെക്കാൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണുണ്ടായത്. 52-ഓളം തവണ അതിദാരുണമായി കുത്തുമ്പോൾ ഇല്ലാത്ത മാനസികപ്രശ്‌നം പെട്ടെന്ന് എവിടെനിന്നാണ് ഉണ്ടായത്? കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ പുറത്തുകൊണ്ടുവരാൻ അവനെ വിശദമായി ചോദ്യംചെയ്യണം. ദീപക് ലക്ഷ്യംവെച്ച മറ്റു മൂന്നുനാല് പേര് കൂടിയുണ്ട്. അവനു തടസമായി നിൽക്കുന്ന ഏട്ടനെ ആദ്യം ഒഴിവാക്കിയാൽ മാത്രമേ അവരെക്കൂടി വകവരുത്താൻ സാധിക്കൂ എന്ന് മുൻകൂട്ടി കണക്കുകൂട്ടുകയായിരുന്നെന്നും ബിന്ദു പറഞ്ഞു.
പണം ചോദിക്കുമ്പോൾ നൽകുന്നവരോട് മാത്രം നന്മ കാണിക്കുന്ന ഇയാൾ, തെറ്റുകൾ ചൂണ്ടിക്കാട്ടി ഉപദേശിക്കുന്ന ഏട്ടനെയും അമ്മയെയുമെല്ലാം ശത്രുക്കളായാണ് കണ്ടിരുന്നത്. പെട്ടെന്നുണ്ടായ അക്രമമായതിനാലാകാം ഏട്ടന് തിരിച്ചടിക്കാൻ കഴിയാതെ പോയത്. ഇതൊന്നും അറിയാത്തതുപോലെ ഇപ്പോൾ മാനസികരോഗത്തിന്റെ കഥകൾ പറയുന്നതും അഭിനയിക്കുന്നതും ശിക്ഷയിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണെന്നും ബിന്ദു കൂട്ടിച്ചേർത്തു.

















































