ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും കോക്രോച്ച് ജനത പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന സമരത്തിനെതിരായ പൊലീസ് നടപടിയിൽ വിമർശനവുമായി നടൻ ടൊവിനോ തോമസ്. സമാധാനപരമായി നടക്കുന്ന ഒരു വിദ്യാർഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ ചോദിച്ചു. ഭാവിതലമുറ സംസാരിക്കുമ്പോൾ അതിനെ അടിച്ചമർത്തുകയാണെങ്കിൽ ഭാവി തന്നെയാണ് ചവിട്ടിത്താഴ്ത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.
ടൊവിനോയുടെ കുറിപ്പ്
“ശരിയും തെറ്റും ആപേക്ഷികമായിരിക്കാം. പക്ഷേ സമാധാനപരമായ ഒരു സമരത്തെ നേരിടേണ്ട രീതി എന്തായാലും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവിതലമുറ സംസാരിക്കുമ്പോൾ അതിനെ അടിച്ചമർത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നത്. ഈ വിദ്യാർഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ എന്തെങ്കിലും വസ്തുവകകൾ നശിപ്പിച്ചോ? അവർ അക്രമത്തിലേക്ക് തിരിഞ്ഞോ? ഈ തരത്തിലുള്ള പരിചരണത്തിന് അവരെ അർഹരാക്കിയത് ശരിക്കും എന്താണ്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു കാര്യത്തിന് വേണ്ടി സമാധാനപൂർവം പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ ഹൃദയപൂർവം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. വിയോജിപ്പിനുള്ള അവകാശം എന്നത് ജനാധിപത്യത്തിന് ഒരു ഭീഷണിയല്ല. മറിച്ച് ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇതാണ്. ഇനി എന്റെ ദേശീയബോധത്തെ ചോദ്യം ചെയ്യാൻ വരുന്നവരോട്, നിങ്ങളേക്കാൾ നന്നായി എനിക്ക് എന്നെ അറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനത്തിലാണ് എന്റെ വിശ്വാസം. ജയ് ഹിന്ദ്.”
അതേസമയം, ബിഗ് ബോസ് മുൻ താരങ്ങളായ രഞ്ജിനി ഹരിദാസും ദിയ സനയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിലെത്തിയിരുന്നു. വിദ്യാഭ്യാസം മനുഷ്യന്റെ അടിസ്ഥാന അവകാശവുമായി ബന്ധപ്പെട്ട വിഷയമാണെന്നും, അതിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്ന സമരമായതിനാലാണ് സിജെപിയുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞിരുന്നു.
സമരവേദിയിൽ നിന്ന് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ പൊലീസ് കൊണ്ടുപോയ രീതി വേദനിപ്പിച്ചെന്നും, രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാളെ ഏറെ അനാദരവോടെയാണ് നീക്കിയതെന്നും രഞ്ജിനി വിമർശിച്ചു. യൂണിഫോം പോലും ധരിക്കാത്ത ആളുകൾ വെള്ളത്തുണിയിൽ മൃതദേഹം കൊണ്ടുപോകുന്നതുപോലെയാണ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയതെന്നും രഞ്ജിനി പ്രതികരിച്ചു.

















































