തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വയറ്റിൽ കുടുങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ഷാഹിദ. ഉഷാ ജോസഫിന്റെ കാര്യത്തിൽ സംഭവിച്ചത് ഗുരുതരമായ പിഴവാണെന്ന് സമ്മതിച്ച ഡോ. ഷാഹിദ, താൻ ഇങ്ങനെ ഒരു ശസ്ത്രക്രിയ ചെയ്തതായും ഉഷാ ജോസഫിനെയും ഓർക്കുന്നില്ലെന്നും വെളിപ്പെടുത്തി. കോവിഡ് കാലമായതിനാൽ ഏറെ പരിമിതികളുണ്ടായിരുന്നു. പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവ്വമായിരുന്നില്ല. വിശദീകരണം ആവശ്യപ്പെട്ടാൽ നൽകുമെന്നും ഷാഹിദ വ്യക്തമാക്കി.
അതേസമയം ഉഷയുടെ ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയായിരുന്നു എന്നായിരുന്നു വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ അടക്കം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താൻ ആയിരിക്കും ശസ്ത്രക്രിയ നടത്തിയതെന്നും ഷാഹിദ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്‌സുമാരുടെ അഭാവം ഉണ്ട്. പലപ്പോഴും സ്‌ക്രബ് നഴ്‌സ് മാത്രമാണുണ്ടാകുക. ഫ്‌ളോർ നഴ്‌സ് ഉണ്ടാകാറില്ലെന്നും ഷാഹിദ പറഞ്ഞു. നിലവിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫ് ആണ് ഷാഹിദ.
ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവ് തുന്നിക്കെട്ടുന്നതിന് മുമ്പ് ഉപകരണങ്ങളും മറ്റും കൃത്യമാണോ എന്ന് സ്ക്രബ് നേഴ്സിനോട് രണ്ട് തവണ ചോദിച്ച് ഉറപ്പുവരുത്തുന്ന ശീലം തനിക്കുണ്ടെന്നും അവർ പറഞ്ഞു. കോവിഡ് സമയത്ത് ഒരേസമയം രണ്ട് തിയേറ്ററുകൾ പ്രവർത്തിക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും പരിശോധനകൾ നടത്തിയിട്ടും ഇത് എങ്ങനെ സംഭവിച്ചു എന്നത് ഒരു ചോദ്യചിഹ്നമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതുപോലെ രോഗിയുടെ ബന്ധുക്കൾ ഉന്നയിച്ച പണം വാങ്ങിയെന്ന ആരോപണം ഡോക്ടർ പൂർണ്ണമായും നിഷേധിച്ചു. പാവപ്പെട്ട രോഗികളെ സഹായിക്കുന്ന നിലപാടാണ് താൻ സ്വീകരിച്ചിട്ടുള്ളതെന്നും രോഗികളിൽ നിന്ന് പണം വാങ്ങാറില്ലെന്നും അവർ പറഞ്ഞു. മറിച്ച്, നിർദ്ധനരായ രോഗികൾക്ക് വണ്ടി വാടകയ്ക്കും മറ്റും അങ്ങോട്ട് പണം നൽകുന്ന രീതിയാണ് തനിക്കുള്ളതെന്നും അത്തരം ആരോപണങ്ങൾ തന്നെ വേദനിപ്പിക്കുന്നതായും അവർ പ്രതികരിച്ചു.
അതേസമയം വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രതികരണവുമായി പ്രിൻസിപ്പൽ ഡോ. ബി പത്മകുമാറും സൂപ്രണ്ട് എ ഹരികുമാറും അടക്കം രംഗത്തെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം എച്ച്ഒഡിയായിരുന്ന ഡോ. ലളിതാംബികയാണ് ശസ്ത്രക്രിയ നടത്തിയതെന്നായിരുന്നു ചികിത്സാ പിഴവ് നേരിട്ട ഉഷ ജോസഫിന്റെ കുടുംബ പറഞ്ഞത്. എന്നാൽ ഇക്കാര്യം പ്രിൻസിപ്പൽ തള്ളുകയായിരുന്നു. അക്കാലത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോ. ഷാഹിദയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവ് വളരെ ഗൗരവകരമായാണ് കാണുന്നതെന്നും പ്രിൻസിപ്പൽ പറഞ്ഞു നിർഭാഗ്യകരമായ സംഭവമാണിത്. കേവിഡ് കാലത്തും പരിമിതികളിൽനിന്നുകൊണ്ട് എല്ലാവിധ സജ്ജീകരണങ്ങളുമൊരുക്കിയാണ് മെഡിക്കൽ കോളെജ് പ്രവർത്തിച്ചിരുന്നത്. അത്തരമൊരു കാലഘട്ടത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായി എന്നുള്ളത് ദൗർഭാഗ്യകരമാണ്, ഗൗരവമായാണ് അതിനെ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ഒരു പ്രോട്ടോകോൾ ഉണ്ട്. ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതടക്കം ചെയ്യണം. അതെല്ലാം ചെയ്തിട്ടുണ്ടെന്ന് രേഖകളിൽ വ്യക്തമാണ്. എന്നിട്ടും ഇത്തരത്തിലൊരു കാര്യം സംഭവിച്ചതിനെ ഗൗരവമായി തന്നെയാണ് എടുക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ സർക്കാരിന്റെ നിർദേശപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ വിശദീകരിച്ചിരുന്നു.
അതേസമയം വയറ്റിലെ മുഴ നീക്കം ചെയ്യുന്നതിനാണ് ഉഷ ജോസഫ് 2021 മെയ് 10നായിരുന്നു ആശുപത്രിയിൽ ചികിത്സ തേടിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു. 12ന് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. 15നാണ് ഡിസ്ചാർജ് ചെയ്തത്. അതിന് ശേഷം തുടർ ചികിത്സയ്ക്കായി അവർ എത്തിയതായി രേഖകളില്ല. എന്നാൽ കഴിഞ്ഞ ദിവസം യൂറോളജി സംബന്ധിയായ പ്രശ്നം കാരണം അവർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കണ്ടതായാണ് മനസിലാക്കുന്നത്. അവിടെനിന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്. ഇതിന് ശേഷം അവർ ഇന്നലെ ആലപ്പുഴ മെഡിക്കൽ കോളെജിൽ വന്ന് ഡോക്ടറെ കണ്ടിരുന്നു. അപ്പോഴാണ് ഇക്കാര്യം മനസിലായത്. വിഷയം ഗൗരവമായി തന്നെ പരിഗണിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, അതിന് തയ്യാറായിട്ടല്ല വന്നത് എന്നാണ് അവർ അറിയിച്ചത്. സാവകാശം തിരിച്ചുവരാമെന്ന് പറഞ്ഞാണ് പോയത്. പിന്നീട് അവർ സ്വകാര്യ ആശുപത്രിയെ സമീപിച്ചു എന്നാണ് മനസിലായതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.














































