തൃശ്ശൂർ: കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള പ്രിയദർശിനി പദ്ധതി ആരംഭിച്ചതിന് പിന്നാലെ വരുമാനം പകുതിയായി കുറഞ്ഞെന്ന് ആരോപിച്ച് 60 വർഷത്തെ സർവീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്. ചാലക്കുടി-മലക്കപ്പാറ റൂട്ടിൽ സർവീസ് നടത്തുന്ന ‘ചീനിക്കാസ്’ ബസ് ആണ് ഓട്ടം അവസാനിപ്പിച്ചത്. ബസിൽ റീത്ത് വെച്ചാണ് ഓട്ടം അവസാനിപ്പിച്ചത്.
പതിനായിരം രൂപയിൽ നിന്ന് കളക്ഷൻ 5,000 രൂപയായി കുറഞ്ഞതിന് പിന്നാലെയാണ് സർവീസ് നിർത്താൻ ഉടമകൽ തീരുമാനിച്ചത്. പ്രിയദർശിനി ബസ് വന്നതോടെ വരുമാനം കുറയുകയും ജീവനക്കാർക്ക് കൂലി നൽകാൻ പോലും കഴിയാത്ത സാഹചര്യമാണെന്നും ഇവർ പറയുന്നു. പ്രത്യേക അറിയിപ്പ് എന്ന നിലയിൽ ബസിന് മുന്നിൽ സർവ്വീസ് നിർത്തുകയാണെന്ന് അറിയിച്ച് ഒരു ഫ്‌ളക്‌സും തൂക്കിയാണ് അവസാന സർവീസ് നടത്തിയത്.
ഫ്ലക്സിൽ കുറിച്ചത് ഇങ്ങനെ- ‘കാനന പാതയിൽ കല്ലും മുള്ളും വന്യമൃഗങ്ങളും നിറഞ്ഞ വഴികളിലൂടെ യാത്രക്കാരായ നിങ്ങളെ യഥാസ്ഥലത്തേയ്ക്ക് സുരക്ഷിതമായി എത്തിക്കുവാൻ വാൽപ്പാറ-ചാലക്കുടി റൂട്ടിൽ ചീനിക്കാസ് ബസ് സർവ്വീസ് ഇനിയില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തകർച്ചയിലെത്തിയ പ്രസ്ഥാനം പ്രിയദർശിനിയുടെ വരവോടെ പൂർണ്ണമായി തകർച്ചയിലായി. ആരോടും പരിഭവമില്ല, പരാതികളില്ല’
അതേസമയം ഈ റൂട്ടിൽ രണ്ട് സർവിസുകളാണ് ചീനിക്കാസ് നടത്തിയിരുന്നത്. രാവിലെ 6.45ന് ചാലക്കുടിയിൽ നിന്ന് വാൽപ്പാറയിലേക്ക് പുറപ്പെടുന്ന സർവ്വീസും, രാവിലെ 7.15ന് വാൽപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വരുന്ന സർവ്വീസും. ചാലക്കുടിയിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് 12നാണ് വാൽപ്പാറയിൽ എത്തിയിരുന്നത്. തിരികെയുള്ള സർവിസ് ചാലക്കുടിയിൽ എത്തുന്നത് ഉച്ചക്ക് 1.20നും. നേരത്തേ, ഈ റൂട്ടിൽ മുമ്പ് തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപറേഷന്റെ സർവിസ് ഉണ്ടായിരുന്നെങ്കിലും ബസ് അപകടത്തിൽപെട്ടതിനെ തുടർന്ന് സർവ്വീസ് അവസാനിപ്പിച്ചിരുന്നു. തുടർന്ന് ചീനിക്കാസ് ബസുകൾ മാത്രമായി യാത്രക്കാരുടെ പ്രധാന ആശ്രയം.














































