പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അഭിപ്രായവുമായി നടി തെസ്നി ഖാൻ. പുതുമുഖ നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയ്ക്ക് താഴെയാണ് തെസ്നി ഖാൻ കമന്റുമായി രംഗത്തെത്തിയത്. ഐശ്വര്യയുടെ വസ്ത്രധാരണത്തെ പരാമർശിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങും നിലവാരമുള്ള സദസ്സും പരിഗണിച്ച് മാന്യമായി വസ്ത്രം ധരിച്ചെത്തുന്നത് നല്ലതായിരുന്നുവെന്നാണ് തെസ്നി ഖാൻ കമന്റിൽ പറഞ്ഞത്. പുതിയ തലമുറയ്ക്ക് ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതുപരിപാടികളുടെ സാഹചര്യം കൂടി പരിഗണിക്കണമെന്നായിരുന്നു താരത്തിന്റെ അഭിപ്രായം.
തെസ്നി ഖാന്റെ കമന്റിനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. കമന്റിന് നിരവധി ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഇതോടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള താരത്തിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
തെസ്നി ഖാൻ കുറിച്ച കമന്റിന്റെ പൂർണരൂപം: ‘എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ്. തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്ക് എങ്ങനെ വേണമെങ്കിലും നടക്കാം. അതിനുള്ള പെർമിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സിൽ, ഒരു നല്ല സ്റ്റാൻഡേർഡ് ഉള്ള സദസ്സിൽ മാന്യമായി ഡ്രസ്സ് ധരിച്ചുവരുകയാണെങ്കിൽ അതൊരു നല്ല കാര്യമായിരുന്നു.’ തെസ്നി ഖാന്റെ കമന്റിൽ പിന്തുണ അറിയിച്ചുകൊണ്ട് നിരവധിപ്പേർ രംഗത്തുവന്നിട്ടുണ്ട്. നിരവധി ലൈക്കുകളും കമന്റിന് ലഭിച്ചു.
കൊച്ചിയിൽ ഒരു സ്വർണക്കടയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ചടങ്ങിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടി ഐശ്വര്യ ചന്ദ്രൻ മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിലാണ് നടി തെസ്നി ഖാൻ വസ്ത്രധാരണത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. താരത്തിന്റെ കമന്റ് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്.
ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന പുതിയ ചിത്രത്തിലെ നായികയാണ് ഐശ്വര്യ ചന്ദ്രൻ. ഐശ്വര്യയുടെ ആദ്യ ചിത്രമാണിത്. ഫുഡ് വ്ലോഗറും ഇൻഫ്ലുവൻസറുമായ ഐശ്വര്യ റീൽ വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. ഇൻഫ്ലുവൻസര്‍ മാത്രമല്ല ഒരു സംരംഭക കൂടിയാണ് ഐശ്വര്യ. ‘പണി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പരിപാടി’.

















































