പട്‌ന: ബിഹാറിലെ ബഗുസരായില്‍ പീഡന പരാതി പറഞ്ഞ സ്ത്രീയ്ക്കെതിരെ ക്രൂര നടപടിയുമായി നാട്ടുക്കൂട്ടം. സ്ത്രീയോട് നിലത്ത് തുപ്പാന്‍ ആവശ്യപ്പെടുകയും അതേ തുപ്പല്‍ നക്കിക്കുടിക്കാനും ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വന്‍ജനരോഷമാണ് ഉയരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂണ്‍ 2ന് അയല്‍വാസി വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതി ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്രാമവാസികള്‍ പിടികൂടുകയും, പൊലീസില്‍ വിവരമറിയിക്കുന്നതിന് പകരം ഒരു ‘പഞ്ചായത്ത്’ വിളിച്ച് ചേര്‍ത്ത് രണ്ടുപേരെയും പരസ്യമായി അപമാനിക്കുകയുമായിരുന്നുവെന്നും സ്ത്രീ ആരോപിച്ചു. സ്ത്രീ ചെവിയില്‍ പിടിച്ച് നില്‍ക്കുന്നതും, ചുറ്റും ഗ്രാമവാസികള്‍ തടിച്ചുകൂടി നില്‍ക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടര്‍ന്ന് അവര്‍ കുനിഞ്ഞ് നിലത്തുതുപ്പിയ തുപ്പല്‍ നക്കുന്നതായി കാണാം.
പുരുഷനെക്കൊണ്ടും ചെവിയില്‍ പിടിച്ച് മാപ്പ് പറയിപ്പിക്കുകയും ഇതേ രീതിയില്‍ തന്നെ ചെയ്യാന്‍ ആവശ്യപ്പെടുന്നതും വിഡിയോയില്‍ കാണാം. ജൂലൈ 31-ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് തൊട്ടടുത്ത ദിവസമാണ് പരാതി നല്‍കിയത്. എന്നാല്‍, ഈ സംഭവത്തില്‍ വ്യത്യസ്തമായ വാദമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. സ്ത്രീയും പ്രതിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും, അപകീര്‍ത്തികരമായ സാഹചര്യത്തില്‍ ഇവരെ പിടികൂടിയതാണെന്നുമാണ് ഗ്രാമവാസികള്‍ അവകാശപ്പെടുന്നത്.



















































