ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വദ്ര. രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനത്തെ കാണുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. ഹോക്കി ഇന്ത്യയുടെ നീക്കം കായിക-രാഷ്ട്രീയ രംഗത്ത് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
ജഴ്‌സിയുടെ നിറം മാറ്റുന്നതിലൂടെ രാജ്യത്തിന്റെ വ്യക്തിത്വം മാറ്റിയെഴുതാൻ കഴിയില്ലെന്ന് പ്രിയങ്ക പറഞ്ഞു. യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്താൻ ശ്രമിച്ചാലും അതിനെതിരെ യുവജനങ്ങൾ പ്രതികരിക്കുന്നതിന്റെ ഉദാഹരണം അടുത്തിടെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ കണ്ടതായും അവർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ യഥാർഥ ശബ്ദം യുവജനങ്ങളുടേതാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ-വനിതാ ടീമുകളുടെ പ്രധാന ജഴ്‌സിയുടെ നിറം നീലയിൽ നിന്ന് കാവിയിലേക്ക് മാറ്റുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. വർഷങ്ങളായി ഇന്ത്യൻ ഹോക്കിയുടെ തിരിച്ചറിയലായിരുന്ന നീല ജഴ്‌സിക്ക് പകരമാണ് പുതിയ നിറം അവതരിപ്പിച്ചത്.
ഇതിനുമുമ്പ് മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹയും ഹോക്കി ഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ചിരുന്നു. പരമ്പരാഗത നീല ജഴ്‌സി മാറ്റിയത് “നാണക്കേടാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


















































