ടെഹ്റാൻ; ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ ടെഹ്‌റാനിലെ എംഗെലാബ് സ്‌ക്വയറിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന രീതിയിൽ ചിത്രീകരിച്ച ബിൽബോർഡ് സ്ഥാപിച്ചത് സമൂഹമാധ്യമത്തിൽ വൈറലാകുന്നു. കറുത്ത ശവപ്പെട്ടിക്കുള്ളിൽ കണ്ണും വായും അടച്ച നിലയിൽ ട്രംപ് കിടക്കുന്ന ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചുവന്ന ടൈയ്ക്ക് മുകളിൽ കൈകൾ വച്ചും മുടി ചിതറിപ്പോയ നിലയിലും കാലുകൾ മുകളിലേക്ക് ചൂണ്ടിയ നിലയിലുമാണ് ചിത്രം.
ശവസംസ്കാര ചടങ്ങുകളിൽ ഉപയോഗിക്കുന്ന കറുത്ത കോൺക്രീറ്റ് തടസങ്ങൾ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശവപ്പെട്ടിക്കുള്ളിൽ ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്. ബിൽബോർഡിൽ പർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും “We Will Kill Trump” എന്ന വാചകവും എഴുതി പതിച്ചിരിക്കുന്നു. കൂടാതെ “In memory of Minab’s children” എന്ന കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇറാനിലെ മിനാബ് നഗരത്തിലെ ഒരു പ്രൈമറി സ്കൂളിൽ നടന്ന ആക്രമണത്തെ സൂചിപ്പിച്ചാണ് ഈ സന്ദേശമെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിനിടെ ഇറാനെതിരെ യുഎസ് സൈന്യം വീണ്ടും വ്യാപകമായ ആക്രമണങ്ങൾ ശക്തമാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട പ്രസ്താവന പ്രകാരം, ഇറാന്റെ കമാൻഡ് സെന്ററുകൾ, എയർ ഡിഫൻസ് സംവിധാനങ്ങൾ, മിസൈൽ- ഡ്രോൺ ശേഷികൾ, തീര നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ നടത്തിയത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വ്യാപാര കപ്പലുകൾക്ക് ഭീഷണിയായ സംവിധാനങ്ങളെ തകർക്കുകയാണ് ലക്ഷ്യമെന്നും യുഎസ് വ്യക്തമാക്കി.
അതേസമയം ജൂലൈ 15-ന് രാത്രി 9 മണിയോടെ ആക്രമണ തരംഗം പൂർത്തിയായതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബന്ദർ അബ്ബാസ് ഉൾപ്പെടെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പ്രിസിഷൻ ഗൈഡഡ് മ്യൂണിഷൻസ് ഉപയോഗിച്ച് ആക്രമണം നടത്തിയതായും പ്രസ്താവനയിൽ പറയുന്നു. ഇതിന് പുറമെ ഗ്രേറ്റർ ടുംബ് ദ്വീപിൽ ഇറാന്റെ തീര പ്രതിരോധവും ക്രൂയിസ് മിസൈൽ സംവിധാനങ്ങളും ലക്ഷ്യമിട്ട് 90 മിനിറ്റ് നീണ്ട പ്രത്യേക ആക്രമണവും നടത്തിയതായി യുഎസ് വ്യക്തമാക്കി.
ഇതിനിടെ അഹ്‌വാസിലെ കാൻസർ ആശുപത്രിക്ക് സമീപം മിസൈൽ പതിച്ചതായും ഇറാനിയൻ അറിയിച്ചു. കാൻസർ രോഗികൾക്ക് ചികിത്സ നൽകുന്ന ബഗായി ആശുപത്രി-2ന്റെ സമീപ പ്രദേശങ്ങളിലാണ് ആക്രമണം നടന്നത്. സ്ഫോടന ശബ്ദവും കനത്ത പ്രകമ്പനവും കാരണം പല രോഗികളും അവരുടെ ബന്ധുക്കളും ഭീതിയിൽ ആശുപത്രി വിട്ടോടിയതായും ഗുരുതരാവസ്ഥയിലുള്ള ചില രോഗികൾ മാത്രമാണ് ഇപ്പോഴും ആശുപത്രിയിൽ തുടരുന്നതെന്നും ഇറാൻ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഹൊസൈൻ കെർമാൻപൂർ വ്യക്തമാക്കി.
ഇതോടൊപ്പം ഹോർമോസ്ഗാൻ പ്രവിശ്യയിലെ ഖെഷം ദ്വീപിലെ ഒരു വ്യാവസായിക യൂണിറ്റിനും ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഫിഷ് പൗഡർ ഫാക്ടറിയുടെ ഭാഗങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചതെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള സുരക്ഷാ പ്രശ്നങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യുഎസ് ഈ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സമാധാന ചർച്ചകൾ തകരാറിലായതോടെ ഇരു രാജ്യങ്ങളും സൈനിക നിലപാട് കടുപ്പിച്ചതോടെ മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ കൂടുതൽ ഗുരുതരമാകുകയാണ്.
WATCH: A new banner displayed in central Tehran’s Enghelab Square shows US President Donald Trump lying in an open casket, alongside the caption “We will kill Trump” https://t.co/Il7QsmLt9i pic.twitter.com/VR2keQoxqO
— Arab News (@arabnews) July 15, 2026


















































