ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ എസി കോച്ചുകളിൽ നിന്ന് കഴിഞ്ഞ നാല് വർഷത്തിനിടെ 1.27 കോടിയിലധികം ലിനൻ സാമഗ്രികൾ മോഷണം പോയതായി വിവരാവകാശ രേഖകൾ. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കാലയളവിലാണ് ബെഡ്‌ഷീറ്റുകൾ, തലയിണക്കവറുകൾ, പുതപ്പുകൾ, മുഖംതുടയ്ക്കുന്ന തോർത്തുകൾ എന്നിവ വ്യാപകമായി നഷ്ടമായത്. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബെഡ്റോൾ സേവനം പുനരാരംഭിച്ചതിന് ശേഷമാണ് മോഷണങ്ങൾ കുത്തനെ വർധിച്ചത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകൾ അനുസരിച്ച്, 2022 മുതൽ 2025 വരെയുള്ള കാലയളവിൽ ലിനൻ മോഷണങ്ങൾ 56 ശതമാനം ഉയർന്നു. രാജ്യത്തെ 69 റെയിൽവേ ഡിവിഷനുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, ബെഡ്റോൾ വിതരണം ചെയ്യുന്ന കരാറുകാർക്ക് ഇതുമൂലം ഏകദേശം 104.51 കോടി രൂപയുടെ നഷ്ടമുണ്ടായി.
ഏറ്റവും കൂടുതൽ മോഷണം പോയത് മുഖം തുടയ്ക്കുന്ന ചെറിയ തോർത്തുകളാണ്. കൂടാതെ 41.13 ലക്ഷം ബെഡ്‌ഷീറ്റുകളും 23.59 ലക്ഷം തലയിണക്കവറുകളും 12.95 ലക്ഷം പുതപ്പുകളും കാണാതായതായി രേഖകളിൽ വ്യക്തമാക്കുന്നു.
രാജസ്ഥാനിലെ ബിക്കാനീർ റെയിൽവേ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ മോഷണം റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 25.76 ലക്ഷം ലിനൻ സാമഗ്രികളാണ് നഷ്ടമായത്.
മോഷണം മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത മുഴുവൻ ബെഡ്റോൾ വിതരണം ചെയ്യുന്ന കരാറുകാരാണ് വഹിക്കേണ്ടത്. യാത്രക്കാർക്ക് സേവനത്തിൽ തടസ്സമുണ്ടാകാതിരിക്കാൻ അധിക ലിനൻ സെറ്റുകൾ ഒരുക്കേണ്ടിവരുന്നതും വലിയ സാമ്പത്തിക വെല്ലുവിളിയാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.


















































