കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഒമ്പതുവയസുകാരൻ മരിച്ചു. ബേഡകം സ്വദേശി അഷ്റഫ്- ബുഷറ ദമ്പതികളുടെ മകൻ ഇയാസാണ് മരിച്ചത്. ഇന്നുരാവിലെയായിരുന്നു സംഭവം.
ഇയാസിന് ഉദര സംബബന്ധമായ അസുഖത്തെ തുടർന്നാണ് ശസ്ത്രിക്രിയ നടത്തിയത്. പിന്നീട് ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം ഉണ്ടായെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അതേസമയം മരണശേഷമാണ് വിവരം അറിയിച്ചതെന്നും ബന്ധുക്കൾ പ്രതികരിച്ചു.
പുക്കിളിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു കുട്ടിക്ക്. പേടിക്കാനൊന്നുമില്ല, ചെറിയൊരു ഓപ്പറേഷനോടെ മാറുമെന്ന് ഡോക്ടർ ഉറപ്പു നൽകിയിരുന്നു. കൂടാതെ അരയ്ക്ക് കീഴ്പോട്ട് ചെറിയൊരു അനസ്തേഷ്യ നൽകുമെന്ന് പറഞ്ഞിരുന്നതായി കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. അതേസമയം ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.



















































