തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ നെഞ്ചുവേദനയുള്ള രോഗി ക്യൂവിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
ഗുരുതരാവസ്ഥയിലായിരുന്ന രോഗിക്ക് ക്യൂവിൽ നിൽക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ കാരണം വിശദമായി പരിശോധിക്കണമെന്നും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശിയായ രാജേഷ് കുമാർ (52) ആണ് ആശുപത്രിയിൽ ഡോക്ടറെ കാണാനായി കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ സംഘർഷാവസ്ഥയും രൂപപ്പെട്ടു. രാജേഷ് കുമാറിന്റെ മരണവിവരമറിഞ്ഞെത്തിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചു. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് അറിയിച്ചിട്ടും അടിയന്തര ചികിത്സ ലഭ്യമാക്കാതെ ഡോക്ടറെ കാണാൻ ക്യൂവിൽ നിർത്തിയതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച അവർ, ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

















































