കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് സ്ത്രീയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ആറുപേർ അറസ്റ്റിൽ. റഹ്‌മത്ത്, അനിൽ കുമാർ, സുഹറ, അയിഷ, സൗദ, സുബിരാജ് എന്നിവരെയാണ് കസബ പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ജൂലൈ ഏഴിന് വൈകിട്ടായിരുന്നു സംഭവം. കുന്ദമംഗലം സ്വദേശിനിയായ യുവതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ക്ലീനിങ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ നിൽക്കുന്നതിനിടെയാണ് പ്രതികൾ ഓട്ടോറിക്ഷയുമായി എത്തിയത്. പെരിങ്ങളത്തേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇവരെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റുകയായിരുന്നു. യാത്രയ്ക്കിടെ മർദിച്ചശേഷം യുവതി ധരിച്ചിരുന്ന സ്വർണമാല, പാദസരം, ബ്രേസ്ലെറ്റ് എന്നിവ കവർന്ന് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ആക്രമണത്തിൽ യുവതിയുടെ നാല് പല്ലുകൾ നഷ്ടപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പരാതിക്കാരിയെ നേരത്തെ പരിചയമുണ്ടായിരുന്ന പ്രതികൾ ഇത് മുതലെടുത്താണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കവർന്ന സ്വർണാഭരണങ്ങൾ ആദ്യം രാമനാട്ടുകരയിലെ ഒരു ജ്വല്ലറിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും അവിടെ സ്വീകരിച്ചില്ല. തുടർന്ന് കോഴിക്കോട് കമ്മത്ത് ലൈനിലെ ഒരു കടയിൽ വിറ്റ് പണം കൈപ്പറ്റിയതായി പ്രതികൾ മൊഴി നൽകിയെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.


















































