ബ്രിസ്റ്റോൾ: ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ ‘മുക്കി’ നേടിയ ടോട്ടൽ അനായാസം അടിച്ചെടുത്ത് ട്വന്റി20 പരമ്പരും സ്വന്തമാക്കി ഇംഗ്ലണ്ട്. നാലാം ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ദയനീയ തോൽവി. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് പുഷ്പം പോലെ മറികടന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (42 പന്തിൽ 59*), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (35 പന്തിൽ 79*) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3–0ന് അവർ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് മൂന്നാം ഓവറിൽ തന്നെ വീണിരുന്നു. ഓപ്പണർ ജോസ് ബട്‌ലറെ (8 പന്തിൽ 8) അർഷ്‌ദീപ് സിങ്, ഇഷാൻ കിഷന്റെ കൈകളിൽ എത്തിച്ചു. എന്നാൽ ഇംഗ്ലണ്ട് ഇന്നിങ്സിൽ ഇന്ത്യയ്ക്ക് സന്തോഷിക്കാൻ ലഭിച്ച ഏക നിമിഷം അതായിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഫിൽ സോൾട്ടും ഹാരി ബ്രൂക്കും തലങ്ങും വിലങ്ങും ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചതോടെ ഇംഗ്ലണ്ട് അതിവേഗം വിജയത്തിലേക്ക് കുതിച്ചു. ക്യാപ്റ്റൻ ഹാരിയായിരുന്നു കൂടുതൽ ആക്രമണകാരി. 35 പന്തിൽ നാലു സിക്സുകളുടെയും എട്ടു ഫോറുകളുടെയും അകമ്പടിയോടെയാണ് ബ്രൂക്ക് 79 റൺസെടുത്തത്. ഫിൽ സോൾട്ട് ഒരു സിക്സും ഒൻപതു ഫോറും പായിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 146 റൺസാണ് കൂട്ടിച്ചേർത്തത്.
അതേസമയം ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ (49 പന്തിൽ 80*) ഇന്നിങ്സാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്നു രക്ഷിച്ചത്. അഞ്ചാമനായി ഇറങ്ങിയ ശിവം ദുബെ (23 പന്തിൽനിന്ന് 22) ആണ് ഇന്ത്യയുടെ അടുത്ത ടോപ് സ്കോറർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി പതിവുപോലെ ഓപ്പണർ വൈഭവ് സൂര്യവംശി നന്നായി തുടങ്ങിയെങ്കിലും രാജ്യാന്തര ട്വന്റി20യിലെ മൂന്നാം മത്സരത്തിലും പെട്ടെന്നുതന്നെ മടങ്ങി. വൈഭവിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചവർക്ക് ഇത്തവണയും പരാജയമായിരുന്നു ഫലം. ഐപിഎല്ലിൽ സഹതാരമെന്ന പരിഗണന തെല്ലും തരാതെ ഒരു സിക്സും ഒരു ഫോറുമടക്കം 10 പന്തിൽനിന്ന് 15 റൺസെടുത്ത വൈഭവിനെ മൂന്നാം ഓവറിൽ തന്നെ ജോഫ്ര ആർച്ചർ മടക്കി. ഇതോടെ പവർപ്ലേ തീരും മുൻപേ രണ്ടാം വിക്കറ്റും വീണു. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷനെ (6 പന്തിൽ 4) അഞ്ചാം ഓവറിൽ ജോഷ് ടങ്ങാണ് പുറത്താക്കിയത്. അധികം വൈകാതെ മറ്റൊരു ഓപ്പണർ അഭിഷേക് ശർമയും (14 പന്തിൽ 16) പുറത്തായി. ഒരറ്റത്ത് ക്യാപ്റ്റൻ നിലയുറപ്പിച്ചെങ്കിലും സഹതാരങ്ങൾ വന്നപോലെതന്നെ മടങ്ങിയതോടെ ഇന്ത്യൻ സ്കോർ 158ൽ ഒതുങ്ങി.















































