ബ്രിസ്റ്റൺ: ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. പരമ്പരയിൽ ഇതിനോകം 0-2ന് പിന്നിലായ, നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഈ മത്സരം ജയിക്കേണ്ടത് ആത്മാഭിമാനത്തിന്റെ പ്രശ്നമാണ്. മാത്രമല്ല വീണ്ടും തോറ്റാൽ ശ്രേയസ് അയ്യരുടെ കീഴിൽ തുടർച്ചയായി രണ്ടാം തവണയും ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമാകും.
അതേസമയം തുടർച്ചയായ തോൽവികൾക്ക് പിന്നാലെ ടീം കോമ്പിനേഷനിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്. ഉപനായകൻ തിലക് വർമ്മയുടെ മോശം ഫോം അദ്ദേഹത്തിന്റെ സ്ഥാനത്തിനുതന്നെ ചലനം സൃഷ്ടിച്ചേക്കാം. അതിനാൽ അദ്ദേഹത്തിന് പകരം സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ട്.
ഐസിസി ടി20 ലോകകപ്പ് 2026ലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ കളിച്ചെങ്കിലും പിന്നീട് ടീമിൽ നിന്ന് പുറത്തായിരുന്നു. ആ സ്ഥാനത്ത് 15കാരനായ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്തുന്നതിനായിരുന്നു ആ തീരുമാനം.
വൈഭവ് തന്റെ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ കളിച്ചെങ്കിലും ഐപിഎൽ വെടിക്കെട്ട് പുറത്തെടുക്കുവാൻ താരത്തിനായിട്ടില്ല. എന്നിരുന്നാലും നാലാം മത്സരത്തിലും അദ്ദേഹത്തിന് അവസരം ലഭിക്കാനാണ് സാധ്യത. ഇതോടെ ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തി സഞ്ജുവിനെ ഓപ്പണറായി ഇറക്കുകയോ, അല്ലെങ്കിൽ മൂന്നാം നമ്പറിൽ ഇറക്കുകയോ ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ അഭിഷേക് ശർമ്മയുടെ സ്ഥാനത്തും മാറ്റം ഉണ്ടാകാം.
നാളെ നടക്കുന്ന നാലാം മത്സരത്തിൽ ബൗളിംഗിലും മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മൂന്ന് ഓവറിൽ 35 റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്. പകരം ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ ടീമിൽ എത്തും. ബൗളിംഗിൽ കൂടുതൽ നിയന്ത്രണവും ബാറ്റിംഗിൽ ആഴവും നൽകുന്ന താരമാണ് സുന്ദർ.
തമിഴ്നാട് താരം സുന്ദർ ഇന്ത്യയ്ക്കായി 61 ടി20 മത്സരങ്ങളിൽ 51 വിക്കറ്റുകളും 26 ഇന്നിംഗ്സുകളിൽ 274 റൺസും നേടിയിട്ടുണ്ട്. ഇന്ത്യയുടെ സാധ്യതയുള്ള പ്ലെയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശിവം ദൂബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്.


















































