തൃശൂർ: എംഎൽഎയുടെ പേരിൽ കള്ളയൊപ്പിട്ടു നിയമസഭയിൽ നിന്ന് ഓവർടൈം ഡ്യൂട്ടി അലവൻസായി 85,400 രൂപ അടിച്ചുമാറ്റിയ കേസിൽ മുൻ പഴ്സനൽ അസിസ്റ്റന്റ് അറസ്റ്റിൽ. നാട്ടിക മുൻ എംഎൽഎ സി.സി. മുകുന്ദന്റെ പിഎ ആയിരുന്ന മസൂദ് കെ. വിനോദിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2021 ജൂൺ ഒന്നു മുതൽ 2023 ഡിസംബർ 31 വരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തെന്നു കാണിച്ച്, അന്നത്തെ എംഎൽഎയായിരുന്ന സി.സി. മുകുന്ദന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വ്യാജരേഖയുണ്ടാക്കി ഓവർടൈം ഡ്യൂട്ടി അലവൻസ് കൈപ്പറ്റിയെന്നാണ് കേസ്. നിയമസഭയിൽ നിന്നു വിവരാവകാശ അപേക്ഷ വഴി ലഭിച്ച രേഖകൾ സഹിതം തൃശൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ.എ. മുഹമ്മദ് ഹാഷിം നൽകിയ പരാതിയിൽ 2024ൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണു കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് 2025 മാർച്ചിൽ അന്തിക്കാട് സ്റ്റേഷനിലേക്ക് കേസ് കൈമാറി. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ഒളിവിലായിരുന്ന മസൂദിനെ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം വിവിധ ക്രമക്കേടുകൾ പുറത്തുവന്നതോടെ 2024 ജനുവരിയിൽ മസൂദിനെ പഴ്സനൽ സ്റ്റാഫിൽ നിന്ന് സി.സി. മുകുന്ദൻ പുറത്താക്കുകയായിരുന്നു. 15 വർഷത്തോളം മുൻ മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പഴ്സനൽ അസിസ്റ്റന്റായിരുന്നു മസൂദ്. നാട്ടിക മണ്ഡലത്തിൽ എംഎൽഎയായിരുന്ന സി.സി.മുകുന്ദന് രണ്ടാം തവണ എൽഡിഎഫ് സ്ഥാനാർഥിയാകാനുള്ള അവസരം അട്ടിമറിച്ചത് സിപിഐയിലെ മസൂദുമായുള്ള പ്രശ്നമായിരുന്നു. മുകുന്ദൻ എംഎൽഎ ആയിരുന്ന 2021–24 കാലയളവിൽ പിഎ ആയിരുന്ന മസൂദ് കെ.വിനോദ് എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് കാട്ടിയെന്നാണ് പരാതിയുയർന്നത്. മസൂദ് പ്രശ്നം സിപിഐയിൽ ഏറെ വിവാദമുണ്ടാക്കി. മസൂദിനെ രക്ഷിക്കാൻ ജില്ലയിലെ സിപിഐ നേതാക്കൾ ഒട്ടേറെ തവണ മുകുന്ദനു മേൽ സമ്മർദം ചെലുത്തിയതായി ആക്ഷേപമുണ്ട്. എന്നാൽ മുകുന്ദൻ തന്റെ പരാതിയിൽ ഉറച്ചുനിന്നതോടെ മുകുന്ദന് സ്ഥാനാർഥിത്വം തന്നെ പാർട്ടി നിഷേധിക്കുകയായിരുന്നു. പിന്നീട് പരാതി നൽകി രണ്ട് വർഷം പിന്നിട്ടിട്ടും കേസ് മുന്നോട്ടുകൊണ്ടുപോകാതെ കഴിഞ്ഞ സർക്കാർ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. യുഡിഎഫ് സർക്കാർ വന്നതോടെയാണ് നടപടി വേഗത്തിലായത്. മുകുന്ദന്റെ നിലപാടാണ് നാട്ടികയിൽ സ്ഥാനാർഥിയാകാനുള്ള സാഹചര്യം ഇല്ലാതാക്കിയതെന്നും ഇപ്പോഴും ആക്ഷേപമുണ്ട്.
















































