തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി ഒമ്പത് മണിവരെയാണ് ജാമ്യത്തിന്റെ കാലാവധി. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഈ ഇളവ് അനുവദിച്ചത്.
സത്യപ്രതിജ്ഞയ്ക്കായി ഒരു ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ നടത്തിയതിനെ തുടർന്ന് സത്യപ്രതിജ്ഞ അസാധുവായ 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ആർ. സുഗതൻ. വിവിധ കാലഘട്ടങ്ങളിലായി രജിസ്റ്റർ ചെയ്ത നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. 2019-ൽ ഒരാളെ കല്ലുകൊണ്ട് ആക്രമിച്ച കേസിലും, 2023-ൽ വീടുകയറി ആക്രമണം നടത്തി സ്വത്ത് നശിപ്പിച്ച കേസിലും, മറ്റൊരു ആക്രമണക്കേസിലും, 2025-ൽ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട വധശ്രമക്കേസിലും, ജുഡീഷ്യൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലും, 2026-ൽ ശിശുമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസപ്പെടുത്തിയെന്ന കേസിലും സുഗതൻ പ്രതിയാണ്.
ഈ കേസുകൾ നിലനിൽക്കെയായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി വാഴോട്ടുകോണം വാർഡിൽ സുഗതനെ സ്ഥാനാർഥിയാക്കിയത്.

















































