പോർച്ചുഗൽ ദേശീയ ടീമിന്റെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോകകപ്പ് യാത്രയ്ക്ക് സ്പെയിനോടേറ്റ പരാജയത്തോടെ തിരശീല വീണു. കാൽപന്തിനെ സ്നേഹിക്കുന്ന കോടിക്കണക്കിനു ഫുട്ബോൾ ആരാധകരുടെ കണ്ണിനെ ഈറനണിച്ച് റോണോ വിശ്വവേദിയിൽ നിന്ന് വിടവാങ്ങി.
അതേസമയം ഫുട്ബോൾ ആരാധകർക്ക് ആശ്വാസം നൽകുന്ന സൂചനയും റോണോ നൽകുന്നു. ഇതാണ് തന്റെ അവസാന ലോകകപ്പ് എന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്ന റൊണാൾഡോ, എന്നാൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ആവേശത്തിൽ പെട്ട് തീരുമാനമെടുക്കില്ലെന്ന് വ്യക്തമാക്കി.
“ഇത്തരത്തിൽ ലോകകപ്പ് വിടേണ്ടിവന്നത് ദുഖകരമാണ്. എനിക്ക് കഴിയുന്നതെല്ലാം ഞാൻ ചെയ്തു. ഞാൻ മുഴുവൻ ശ്രമിച്ചു. ഇപ്പോൾ ഞാൻ സമാധാനമുള്ള മനസോടെയാണ് പോകുന്നത്. ഇത് എന്റെ അവസാന ലോകകപ്പ് ആയിരുന്നു, എന്നാൽ ഇനി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഭാവിയെ കുറിച്ച് ആലോചിക്കാനും ഞാൻ തയ്യാറാണ്. ആവേശത്തിൽ തീരുമാനമെടുക്കുന്ന ആളല്ല ഞാൻ,” റൊണാൾഡോ പറഞ്ഞു.
അതേസമയം തന്റെ അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. റൊണാൾഡോയുടെ കാലത്താണ് പോർച്ചുഗൽ ആദ്യമായി പ്രധാന കിരീടങ്ങൾ നേടിയത്. 2016 യൂറോപ്യൻ ചാമ്പ്യൻഷിപ്പും 2019, 2025 യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ മൂന്ന് പ്രധാന കിരീടങ്ങൾ പോർച്ചുഗലിന് സ്വന്തമാക്കാൻ താൻ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞാൻ പോർച്ചുഗലിന് മൂന്ന് കിരീടങ്ങൾ നേടിക്കൊടുത്തു. എന്റെ മുമ്പ് രാജ്യത്തിന് ഒരു പ്രധാന കിരീടവും ഉണ്ടായിരുന്നില്ല. 2016 യൂറോ കപ്പ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടമാണ്. അതിന്റെ പ്രാധാന്യം എന്റെ കണക്കിൽ വേൾഡ് കപ്പിനോട് തുല്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതുപോലെ പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസിനെയും റൊണാൾഡോ പ്രശംസിച്ചു. ലോകകപ്പ് പുറത്തായതിനെ തുടർന്ന് മാർട്ടിനെസ് രാജിവെച്ചിരുന്നു.“അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചത് എനിക്ക് വളരെ ഇഷ്ടമായി. മികച്ച പരിശീലകനും നല്ല മനുഷ്യനുമാണ്. പോർച്ചുഗലിന് വേണ്ടി അദ്ദേഹം ചെയ്ത സംഭാവനകൾ പ്രശംസനീയമാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,” റൊണാൾഡോ പറഞ്ഞു. ലോകകപ്പിൽ നിന്ന് പുറത്താകുന്നത് എപ്പോഴും വേദനാജനകമാണെന്ന് പറഞ്ഞ അദ്ദേഹം, ടീമിന്റെ പ്രകടനം നല്ലതായിരുന്നുവെന്നും മത്സരം ഏതു വശത്തേക്കും പോകാമായിരുന്നുവെന്നും കൂട്ടിച്ചേർത്തു. ഇനി മുന്നോട്ടുള്ള യാത്രയിൽ ടീമിന് ഉയിർത്തെഴുന്നേൽക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






