അറ്റ്‌ലാന്റ: ചില കളികൾ അങ്ങനെയാ, അവസാന നിമിഷത്തിനു തൊട്ടുമുൻപുവരെ വരെ പരാജയം കാത്തു നിൽപ്പുണ്ടാകും… പക്ഷെ ആ ലാസ്റ്റ് മൊമറ്റ് അതു നമ്മൾക്കുള്ളതാകും, വിജയിക്കണമെന്ന് അത്യന്തം തൃഷ്ണയുള്ളവർക്ക്. ഈജിപ്തിനെതിരായ മത്സരത്തിലും സമാനമായിരുന്നു സ്ഥിതി. ആദ്യ പകുതിയും രണ്ടാം പകുതിയും കളി ഈജിപ്തിന്റെ കൈകളിൽ തന്നെയായിരുന്നു. 79-ാം മിനിറ്റിലായിരുന്നു അർജന്റീനയുടെ മാസ് തിരിച്ചു വരവ്. പിന്നങ്ങോട്ട് സ്റ്റേഡിയം സാക്ഷിയായത് എണ്ണം പറഞ്ഞ മൂന്ന് തിരിച്ചടികൾക്കായിരുന്നു. ഇതോടെ ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ ഈജിപ്തിനെ തോൽപ്പിച്ച് അർജന്റീന ക്വാർട്ടറിൽ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ വിജയം. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷം രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പതിനഞ്ച് മിനിറ്റിനിടെയാണ് അർജന്റീനയുടെ മൂന്ന് ഗോളുകളും പിറന്നത്.
ക്രിസ്റ്റ്യൻ റൊമേരോ, ലയണൽ മെസ്സി, എൻസോ ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. അതേസമയം, ഈജിപ്തിനായി യാസർ ഇബ്രാഹിമും (15) മൊസ്തഫ സിക്കോയും (67) ഗോൾ നേടി.
തുടക്കം മുതൽ കളി ഈജിപ്തിന്റെ വരുതിയിലായിരുന്നെങ്കിലും 79-ാം മിനിറ്റിൽ അർജന്റീനയുടെ ആദ്യ മറുപടി ഗോളോടെ കളിയുടെ ഗതി തന്നെ മാറി. ബോക്സിന് പുറത്തുനിന്നു മെസി ഉയർത്തി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. നാലു മിനിറ്റ് കഴിഞ്ഞപ്പോൾ മെസിയിലൂടെ അർജന്റീനയുടെ രണ്ടാം ഗോളുമെത്തി. ബോക്സിനകത്തുവച്ച് ഈജിപ്ത് ഡിഫൻഡർമാരെ വെട്ടിച്ച് അർജന്റീന താരങ്ങൾ നൽകിയ പാസുകൾക്കിടെ പന്ത് കാലിൽ ലഭിച്ച മെസി ഷൂട്ട് ചെയ്ത് ഈജിപ്ത് വല കുലുക്കുകയായിരുന്നു. ഈ ലോകകപ്പിൽ മെസിയുടെ എട്ടാം ഗോളും ലോകകപ്പിലെ 21-ാം ഗോളുമായി അത് മാറി.
അതേസമയം കളിയുടെ പതിനഞ്ചാം മിനിറ്റിലാണ് ഈജിപ്തിന്റെ ആദ്യ ഗോൾ പിറക്കുന്നത്. യാസർ ഇബ്രാഹിമാണ് മനോഹരമായ ഹെഡറിലൂടെ അർജന്റീനയുടെ വല കുലുക്കിയത്. ബോക്സിനു പുറത്തുനിന്നു മർവാൻ അറ്റിയ നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു യാസർ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. പിന്നാലെ അർജന്റീനയ്ക്ക് ലഭിച്ച ഒട്ടേറെ അവസരങ്ങളാണ് പാഴായത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഈജിപ്ത് പോസ്റ്റ് ലക്ഷ്യമാക്കി എൻസോ ഫെർണാണ്ടസ് പോസ്റ്റിന് തൊട്ടുമുന്നിൽനിന്നു തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. 21-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനൽറ്റി മെസു പാഴാക്കി. ഈ ലോകകപ്പിൽ ഇതു രണ്ടാം തവണയാണ് മെസി പെനൽറ്റി നഷ്ടമാക്കുന്നത്.
67–ാം മിനിറ്റിൽ മൊസ്തഫ സിക്കോ ആണ് ഈജിപ്‌തിന്റെ രണ്ടാം ഗോൾ നേടിയത്. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ പന്തുമായി ഹസൻ അർജന്റീന പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചു. ബോക്സിന് സമീപത്തുവച്ച് പന്ത് സലായ്ക്ക് കൈമാറി വലതു വിങ്ങിൽനിന്ന് മുഹമ്മദ് സലാ നൽകിയ ക്രോസ് ഓടിയെത്തിയ സിക്കോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഇതിന് പത്തു മിനിറ്റ് മുൻപ് സിക്കോ നേടിയ ഒരു ഗോൾ വാർ പരിശോധനയിൽ റദ്ദാക്കുകയും ചെയ്തിരുന്നു.

















































