ഇടുക്കി: കെഎസ്ആർടിസി ബസ് സമയക്രമം ലംഘിച്ച് സർവീസ് നടത്തിയെന്നാരോപിച്ച് ഇടുക്കി ഉപ്പുതറയിൽ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം. കട്ടപ്പന–ഉപ്പുതറ റൂട്ടിൽ സർവീസ് നടത്തുന്ന ‘കുട്ടിമാളു’ എന്ന സ്വകാര്യ ബസിന്റെ ഉടമ രാജേഷാണ് കെഎസ്ആർടിസി ബസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. സ്വകാര്യ ബസ് സർവീസ് നടത്തേണ്ട അതേ റൂട്ടിലും സമയത്തും ‘പ്രിയദർശിനി’ എന്ന കെഎസ്ആർടിസി ബസ് സർവീസ് നടത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
ഇതിനെതിരെ രാജേഷ് ബസിന് മുന്നിൽ കിടന്ന് “കേറ്റടാ പ്രിയദർശിനി എന്റെ നെഞ്ചത്തോട്ട്” എന്ന് വിളിച്ചുപറഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും പിന്നീട് സ്ഥിതി നിയന്ത്രണവിധേയമായി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സ്വകാര്യ ബസുകളും കെഎസ്ആർടിസിയും തമ്മിലുള്ള സമയക്രമ തർക്കം വീണ്ടും ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.

















































