രമേഷ് പിഷാരടിയുമായി സംസാരിച്ച ഫോൺ സംഭാഷണം പുറത്തുവിട്ട ശ്വേത മേനോനെതിരെ നടി ബീനാ ആന്റണി. വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചതെന്ന് ബീനാ ആന്റണി പറഞ്ഞു. ശ്വേത ചെയ്തത് വലിയ തെറ്റായിപ്പോയെന്നും അവർ വ്യക്തമാക്കി. ‘ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ഒരുപാട് പിഴവുകൾ സംഭവിച്ചു. പല ചേരിയായി തിരിഞ്ഞു. ഈഗോ പ്രശ്‌നങ്ങൾ വന്നു.
അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട ആളാണ് ഞാൻ. പക്ഷേ, അവർ സംസാരിച്ചപ്പോൾ 45 ദിവസം കൂടി കൊടുക്കാമെന്ന് എനിക്ക് തോന്നി. അതിനുവേണ്ടി ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു’, ‘അമ്മ’ ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ബീനാ ആന്റണി പറഞ്ഞു. ‘പ്രശ്‌നങ്ങളും വാക്കുതർക്കങ്ങൾക്കുമൊടുവിൽ അവർ രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. പുറത്തിറങ്ങിപ്പോയ ശ്വേത പ്രസിഡന്റ് സ്ഥാനവും അമ്മയിലെ അംഗത്വവും രാജിവെക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.
ശ്വേതാ, ആ തീരുമാനം ഇപ്പോൾ എടുക്കല്ലേ എന്ന് ഞങ്ങൾ എല്ലാവരും പറഞ്ഞു. പക്ഷേ, അതൊന്നും കേട്ടില്ല. അവർ സ്വന്തം ഇഷ്ടം പറഞ്ഞു’, രാജിവെക്കാനുള്ള ശ്വേതയുടെ തീരുമാനത്തെക്കുറിച്ച് ബീന പറഞ്ഞു. ‘പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടെ നിന്ന ആളാണ് പിഷാരടി. ഏറ്റവും നല്ല ജനപിന്തുണയോടെ എം.എൽ.എ. ആയി വന്ന ആളാണ്. ഒരുപാട് അഭിമാനമുണ്ട് പിഷാരടിയുടെ കാര്യത്തിൽ. അമ്മയുടെ പ്രതിസന്ധിയിൽ സഹായിക്കാൻ വന്ന ആളാണ്. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളാണ് ശ്വേതയും പിഷാരടിയും. അവരുടെ സംസാരം ഇങ്ങനെ പുറത്തേക്കെടുത്തിട്ട്, പിഷാരടിയെ വേദനിപ്പിച്ചതിലും മോശമാക്കിയതിലും എന്റെ ദുഃഖം രേഖപ്പെടുത്തുകയാണ്.
വളരെ മോശമായിപ്പോയി. വലിയ വിശ്വാസ വഞ്ചനയാണ് ശ്വേത കാണിച്ചത്. ഒരിക്കലും അത് ചെയ്യാൻ പാടില്ലായിരുന്നു. എത്രയോ ആത്മബന്ധമുള്ള ആളുകളാണ് അവർ. പിഷാരടി ജയിച്ചപ്പോൾ, പിഷാരടിയെ ഉമ്മ വെക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് ശ്വേത സന്തോഷം പങ്കുവെച്ചത്. അത്രയേറെ ആത്മബന്ധമുള്ള ആൾക്കാരാണ് അവരൊക്കെ’, നടി ചൂണ്ടിക്കാട്ടി.


















































