മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കടുത്ത അമ്പരപ്പും വിയോജിപ്പും രേഖപ്പെടുത്തി മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും അമ്പാട്ടി റായുഡുവും രംഗത്ത്. ലോകകപ്പിന് ശേഷം നടന്ന മൂന്ന് ഇന്നിങ്സുകളിൽ യഥാക്രമം 5, 0, 1 എന്നിങ്ങനെ കുറഞ്ഞ സ്കോറുകൾക്ക് പുറത്തായതിന് പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്നും ഇന്ത്യൻ മാനേജ്‌മെന്റ് ഒഴിവാക്കിയത്.
എന്നാൽ ഇന്ത്യയുടെ സമീപകാല ട്വന്റി-20 ലോകകപ്പ് കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത സഞ്ജുവിനെ ഇത്ര പെട്ടെന്ന് മാറ്റിയതിൽ ആരാധകർക്കും ക്രിക്കറ്റ് നിരീക്ഷകർക്കും ഇടയിൽ വലിയ ചർച്ചയായിരിക്കുന്നത്. യുവതാരം വൈഭവ് സൂര്യവംശി സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ സഞ്ജയ് മഞ്ജരേക്കർ, സഞ്ജുവിനെ ടീമിൽ നിലനിർത്തി ബാറ്റിങ് ഓർഡറിൽ മൂന്നാം നമ്പറിലേക്ക് മാറ്റി പരീക്ഷിക്കാമായിരുന്നു എന്ന് വ്യക്തമാക്കി.
സഞ്ജുവിനെ ഒഴിവാക്കിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇത് പരുക്കാണെന്ന് കരുതാനാണ് തനിക്ക് താല്പര്യമെന്നും അല്ലാത്തപക്ഷം ഇതൊരു വിചിത്രമായ സെലക്ഷൻ തീരുമാനമാണെന്നും മഞ്ജരേക്കർ തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
അതേസമയം മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡുവും സഞ്ജു സാംസണ് പിന്തുണയുമായി രംഗത്തെത്തി. സഞ്ജുവിന്റെ സമീപകാലത്തെ വലിയ സംഭാവനകളെ ആരാധകരും സെലക്ടർമാരും ഇത്ര പെട്ടെന്ന് മറക്കരുതെന്ന് റായുഡു ഓർമ്മിപ്പിച്ചു. വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം വലിയ രീതിയിൽ ആഘോഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ വെറും മൂന്ന് മത്സരങ്ങൾക്ക് മുൻപ് നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ഹീറോ ആയിരുന്ന താരമാണ് സഞ്ജു എന്ന കാര്യം വിസ്മരിക്കരുതെന്നും റായുഡു എക്സിൽ കുറിച്ചു. ഈ തിരിച്ചടിയിൽ നിന്നും സഞ്ജു കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച റായുഡു, വൈഭവിന് മികച്ചൊരു കരിയർ ആശംസിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടക്കുന്ന ട്വന്റി20 പരമ്പരയിൽ സഞ്ജു ഉണ്ടെങ്കിലും രണ്ടാമത്തെ മത്സരത്തിൽ പ്ലേയിങ് ഇലവനിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ടീമിൽനിന്നു പുറത്താകുന്നത്. ജൂലൈ 23 മുതൽ 26 വരെ നടക്കുന്ന സിംബാബ്‌വെക്കെതിരായ ട്വന്റി20 പരമ്പരയിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ബാക്അപ് വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിലുൾപ്പെടുത്തി. പ്രഭ്സിമ്രാൻ ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി ഓപ്പണറായി ടീമിലുണ്ട്.
ഗുജറാത്ത് ടൈറ്റൻസ് പേസർ അശോക് ശർമ, യഷ് ഠാക്കൂർ, ഹർഷ് ദുബെ എന്നിവരുെ ട്വന്റി20 ടീമിൽ ഇടം നേടി. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഒഴിവാക്കിയ ലോകകപ്പ് താരം റിങ്കു സിങ്, പേസർ മായങ്ക് യാദവ് എന്നിവർ ടീമിലേക്ക് മടങ്ങിയെത്തി. 2024 ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ ടീമിൽ തുടർച്ചയായ കളിക്കുന്ന സഞ്ജു സാംസൺ രണ്ടു വർഷത്തിനു ശേഷമാണ് ടീമിൽനിന്നു പുറത്താകുന്നത്.

















































