തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാർ പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അവസരമാണിതെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. അദാനി പോർട്സിന്റെ ഓഹരികളിൽ 25 ശതമാനത്തിലധികം കൈമാറാൻ സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും, അതിനാൽ ഈ അവസരം സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2015-ൽ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവെച്ച കരാറിലെ പല വ്യവസ്ഥകളും സ്വകാര്യ കമ്പനിക്ക് അനുകൂലമായിരുന്നുവെന്ന് ആരോപിച്ച ഷോൺ ജോർജ്, പദ്ധതി വിജയകരമായ സാഹചര്യത്തിൽ കരാർ പുതുക്കാൻ സർക്കാർ തയ്യാറാകണമെന്നും പറഞ്ഞു. തുറമുഖം, നിയമം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതിന്‍റെ ഉദ്ദേശ്യം സദുദ്ദേശപരമാണെങ്കിൽ അത് സ്വാഗതാർഹമാണ്. മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടെങ്കിൽ, മുൻ മുഖ്യമന്ത്രിയുടെ അനുഭവം മറക്കാതിരിക്കുന്നത് നല്ലതാണെന്നും ഫേസ്ബുക്കിൽ ഷോണ്‍ ജോർജ് കുറിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
“മിസ്റ്റർ ചീഫ് മിനിസ്റ്റർ,
വിഴിഞ്ഞം ഒരു ചെറിയ മീനല്ല. അങ്ങനെ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അവരുടെ കൂട്ടത്തിൽ ഞാനില്ല.
ഈ ഫോട്ടോ 2018-ൽ എടുത്തതാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ അഴിമതി ആരോപണങ്ങൾ അന്വേഷിക്കാൻ പിണറായി സർക്കാർ നിയമിച്ച ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ കമ്മീഷന് ഞാൻ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കാണുന്ന ചിത്രമാണിത്. ആ പരാതി നൽകിയ വ്യക്തി എന്ന നിലയിൽ, മാസങ്ങളോളം ആ കേസ് ഞാൻ പിന്തുടർന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ കരാറിൽ സംസ്ഥാനത്തിന് വന്ന നഷ്ടം എന്താണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്
2015-ൽ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവെച്ച കരാറിനെതിരെ അന്ന് ശക്തമായി രംഗത്തുവന്നതും അതിൽ വലിയ അഴിമതിയുണ്ടെന്ന് ആരോപിച്ചതും പിന്നീട് മുഖ്യമന്ത്രിയായ പിണറായി വിജയനായിരുന്നു. തുടർന്ന് നടന്ന നടപടികളിലും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷന്റെ റിപ്പോർട്ടിലും ഈ കരാർ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി വ്യക്തമായ പരാമർശങ്ങളുണ്ടായിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതിയും ഇടപെട്ടു.
വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ ഒരാൾ നൽകിയ ഹർജിയെ തുടർന്നാണ് വിജിലൻസ് അന്വേഷണം ഒഴിവാക്കി ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. എന്നാൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച ശേഷവും വിജിലൻസ് അന്വേഷണം വേണമെന്നാണ് കോടതി നിലപാട് സ്വീകരിച്ചത്. പിന്നീട് ആ വിജിലൻസ് അന്വേഷണത്തിന് എന്ത് സംഭവിച്ചുവെന്ന് ഇന്നുവരെ വ്യക്തമല്ല. ഇതൊന്നും ഓർമ്മിപ്പിക്കാനല്ല ഞാൻ ഇപ്പോൾ എഴുതുന്നത്.
നിലവിലെ പ്രശ്നം ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം.എസ്.സി. (MSC) കേരളത്തിൽ വൻ നിക്ഷേപവുമായി എത്തുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. അത് വിഴിഞ്ഞം തുറമുഖം ആഗോള ശ്രദ്ധ നേടുന്നുവെന്നതിന്റെയും കേരളത്തിന്റെ സാധ്യതകളുടെയും തെളിവാണ്.
എന്നാൽ 2015-ലെ കരാറിലെ ക്ലോസ് 5.3 വളരെ വ്യക്തമായി പറയുന്നത്, അദാനി പോർട്സിന്റെ ഓഹരികളിൽ 25 ശതമാനത്തിലധികം മറ്റൊരാൾക്ക് കൈമാറണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നാണ്. അതുകൊണ്ട് ഇപ്പോൾ നടന്നിരിക്കുന്ന ഓഹരി കൈമാറ്റമോ ഇടപാടുകളോ സർക്കാർ അനുമതിക്ക് വിധേയമാണെന്നത് വ്യക്തമാണ്. ഞാൻ പറയുന്നത് ഈ ഇടപാട് അവസാനിപ്പിക്കണമെന്നല്ല.
പക്ഷേ, ഇപ്പോൾ അദാനി പോർട്സ് സർക്കാർ അനുമതിക്കായി വരുമ്പോൾ, 2015-ൽ ഉമ്മൻചാണ്ടി സർക്കാർ സംസ്ഥാന താൽപര്യങ്ങൾ പൂർണമായി സംരക്ഷിക്കാതെ ഒപ്പുവെച്ച കരാർ പുനഃപരിശോധിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. ആ കരാർ പ്രകാരം സംസ്ഥാനത്തിന് ഗണ്യമായ വരുമാനം ലഭിക്കുന്നത് ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ്. വൈബിലിറ്റി ഗ്യാപ് ഫണ്ടിന്റെ പേരിൽ, പദ്ധതി സാമ്പത്തികമായി പ്രായോഗികമല്ലെന്നും മറ്റാരും ഏറ്റെടുക്കാൻ തയ്യാറല്ലെന്നുമുള്ള വാദങ്ങൾ ഉയർത്തി, കരാറിലെ പല വ്യവസ്ഥകളും ഏകപക്ഷീയമായി സ്വകാര്യ കമ്പനിക്ക് അനുകൂലമായ രീതിയിലാണ് രൂപപ്പെടുത്തിയത്. എന്നാൽ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. പദ്ധതി വിജയകരമാണെന്നും വൻ നിക്ഷേപങ്ങൾ എത്തുന്നുവെന്നും ഈ തുറമുഖം വലിയ ലാഭത്തിലേക്ക് പോകാൻ കഴിയുമെന്നും തെളിഞ്ഞു കഴിഞ്ഞു.
അതിനാൽ, സർക്കാർ ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ കരാർ പുതുക്കണം. സംസ്ഥാനത്തിന് കൂടുതൽ വരുമാനവും, തുറമുഖ ലാഭത്തിൽ ന്യായമായ വിഹിതവും ഉറപ്പാക്കുന്ന പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി കരാർ പുനഃസംഘടിപ്പിക്കണം. കേരള സർക്കാരിന് കൂടുതൽ സാമ്പത്തിക നേട്ടം ലഭിക്കുന്ന തരത്തിൽ പുതിയ കരാർ രൂപപ്പെടുത്താൻ കഴിയണം. ഇതാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ അവസരം. ആത്മാർത്ഥതയുണ്ടെങ്കിൽ, ഈ അവസരം ഉപയോഗപ്പെടുത്തി സംസ്ഥാന താൽപര്യങ്ങൾ മുൻനിർത്തി കരാർ പുതുക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.
അവസാനമായി ഒരു കാര്യം കൂടി. ഞാൻ അദാനി പോർട്സിന്റെ 3 ഓഹരികൾ വാങ്ങാൻ തീരുമാനിച്ചു . മുമ്പും ഇത്തരം കമ്പനികളുടെ ഓഹരികൾ ഞാൻ വാങ്ങിയിട്ടുണ്ട്, ഇത്തവണയും അതേ വഴിയിലായിരിക്കും എന്റെ ഇടപെടൽ. തുറമുഖം, നിയമം, ധനകാര്യം എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി എന്ന നിലയിൽ അങ്ങ് നേരിട്ട് കൈകാര്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ ഉദ്ദേശ്യം സദുദ്ദേശപരമാണെങ്കിൽ അത് സ്വാഗതാർഹമാണ്. എന്നാൽ, അതിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടെങ്കിൽ, മുൻ മുഖ്യമന്ത്രിയുടെ അനുഭവം മറക്കാതിരിക്കുന്നത് നല്ലതാണ്”

















































