ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് പോർച്ചുഗൽ പുറത്ത്. നെയ്മറിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിവച്ച് വിശ്വവേദിയിൽ നിന്ന് പടിയിറങ്ങി . മത്സരശേഷം റൊണാൾഡോ മൈതാനത്ത് പൊട്ടിക്കരയുന്ന കാഴ്ച ഫുട്‌ബോൾ ആരാധകർക്കു നൊമ്പരക്കാഴ്ചയായി. തന്റെ അവസാന ലോകകപ്പ് കളിച്ച റൊണാൾഡോ മൈതാനം വിടുന്ന കാഴ്ച കായിക ലോകം കണ്ണീരോടെയാണ് കണ്ടത്.
ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ റോണോ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ പാടുപെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലമിൻ യമാൽ, റൊണാൾഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചു. ഇതിനിടെ സ്‌പെയിൻ താരങ്ങളെയും പോർച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷം കരഞ്ഞുകൊണ്ടാണ് റോണോ മടങ്ങിയത്.
അതേസമയം ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ റൊണാൾഡോ നേടിയിരുന്നു.
2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ 20 വർഷത്തെ തന്റെ കരിയറിൽ ലോകകപ്പ് കിരീടം എന്ന മോഹം മാത്രം ബാക്കിയാക്കിയാണ് ബൂട്ടഴിച്ചത്. 2006-ലെ സെമി ഫൈനൽ പ്രവേശനമാണ് അദ്ദേഹത്തിന്റെ ലോകകപ്പിലെ ഏറ്റവും മികച്ച നേട്ടമായി മുന്നിലുള്ളത്,
















































