തെഹ്റാൻ: വധിക്കപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ അനുസ്മരണ ചടങ്ങുകളുടെ നാലാം ദിവസവും തലസ്ഥാനമായ തെഹ്റാനിൽ വൻജനപങ്കാളിത്തം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേലിനുമെതിരായ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ലക്ഷക്കണക്കിന് ആളുകൾ വിലാപയാത്രയിൽ പങ്കെടുത്തത്.
36 ഡിഗ്രി സെൽഷ്യസ് ചൂടിനെ അവഗണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ അസാദി സ്ട്രീറ്റിലേക്ക് ഒഴുകിയെത്തി. “ഞങ്ങളാണ് ഇറാന്റെ യഥാർഥ മിസൈലുകൾ” എന്നെഴുതിയ ബാനറുകളും റാലിയിൽ വ്യാപകമായി കാണപ്പെട്ടു.
ഖമനെയിയുടെ വിയോഗത്തിൽ രാജ്യം ദുഃഖത്തിലാണെങ്കിലും ദേശീയ ഐക്യത്തിന്റെയും പ്രതിരോധ മനോഭാവത്തിന്റെയും പ്രകടനമായാണ് പലരും ഈ ഒത്തുചേരലിനെ വിശേഷിപ്പിച്ചത്. അതേസമയം, പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഇറാൻ സ്വന്തമായി ആണവായുധം വികസിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങളും റാലിയിൽ ഉയർന്നു.
ആറുദിവസം നീളുന്ന ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി തെഹ്റാനിൽ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.



















































