മേപ്പാടി: വയനാട് തുരങ്ക പാത നിർമിക്കുന്ന സ്ഥലത്ത് ആളുകൾ നോക്കി നിൽക്കെ ഒലിച്ചുകുത്തിയെത്തിയ വെള്ളത്തിനും മണ്ണിനുമൊപ്പം ലോറിയും ബസും ഒലിച്ചു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കള്ളാടി മീനാക്ഷി പാലത്തിനു സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ദൃശ്യങ്ങളിൽ മണ്ണിടിഞ്ഞു വരുന്നതിന്റെ ശബ്ദം കേട്ട് ആളുകൾ കടയിൽ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. ഇവർ നോക്കി നിൽക്കുമ്പോൾ ഇടിഞ്ഞുവന്ന മണ്ണിനും വെള്ളത്തിനുമൊപ്പം ആദ്യം ബസും പിന്നാലെ ടാങ്കർ ലോറിയും വട്ടംകറങ്ങി ഒലിച്ചുവരികയായിരുന്നു. ബസ് പാലത്തിനു സമീപം തോട്ടിലേക്ക് മറഞ്ഞു. അതേസമയം ടാങ്കർ ലോറി പാലത്തിനു മുകളിലൂടെ വട്ടംതിരിഞ്ഞ് ഒലിച്ചു വരികയായിരുന്നു. ലോറിക്ക് സമീപത്തുണ്ടായിരുന്ന നാല് പേർ ഓടുന്നത് കാണാം. ഇതിൽ രണ്ടാൾ രക്ഷപ്പെട്ടു. എന്നാൽ മൂന്നു പേർ ലോറിയിൽ തട്ടി തെറിച്ചു പോയി. ഒരാൾ തിരിഞ്ഞ് ഓടുന്നതിനിടെ വീഴുന്നതും ടാങ്കറടിയിലേക്ക് അയാൾ വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം കടയുടെ മുന്നിൽ നിന്നവരുടെ സമീപത്തേക്കാണ് ടാങ്കർ ഒഴുകിയെത്തിയത്. ഇവിടെ നിന്നിരുന്ന രണ്ട് പേർ ലോറിക്കടിയിലേക്ക് വീണെങ്കിലും ചെളിയിൽ പുതഞ്ഞ് എഴുന്നേറ്റ് പോകുന്നതും കാണാം. മണ്ണിടിച്ചിലിൽ 4 പേർ മരിച്ചുവെന്നാണ് വിവരം. മൂന്ന് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 9 പേർ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്‌ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരിൽ ഭൂരിഭാഗവും തുരങ്കപാത നിർമാണത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ്. കാണാതായവർക്കായി തിരച്ചിൽ നടത്തുകയാണ്. അപകടത്തിൽ ഒരു വീടും പള്ളിയും കടകളും പൂർണമായി തകർന്നു.
ചെളിയും വെള്ളവും നിറഞ്ഞതും പാലം അപകടാവസ്ഥയിലായതും കാരണം മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് മണ്ണുമാന്തിയുൾപ്പെടെ എത്തിക്കുന്നത് ശ്രമകരമായി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ എന്നിവർ അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ്.

















































