പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലെ യുവ വ്യവസായിയായ കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ലോഹഗഡ് കോട്ടയിലെത്തി കേതനെ കൊക്കയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സിയ ഗോയൽ തന്റെ കാമുകനായ ചേതൻ ചൗധരിയുമായി രഹസ്യമായി വിവാഹിതയായിരുന്നുവെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.
സിയയും ചേതൻ ചൗധരിയും നാലുമാസം മുമ്പ് രജിസ്ട്രാർ ഓഫീസിൽ വച്ചു വിവാഹിതരായതായി എന്ന സൂചന കേസിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. ഇരുവരും സ്പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കാൻ പോലീസ് ശ്രമിച്ചുവരികയാണ്.
ഇതിനായി രഹസ്യ വിവാഹത്തിന് സാക്ഷികളായതായി കരുതുന്ന സിയയുടെ കോളേജ് സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്യുകയാണ്. കൂടാതെ, സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഡിലീറ്റ് ചെയ്തതായി പറയുന്ന വിവാഹ ചിത്രങ്ങൾ വീണ്ടെടുക്കാൻ സാങ്കേതിക സംഘം ശ്രമം തുടരുകയാണ്.
കേതൻ അഗർവാളുമായി (25) സിയയുടെ വിവാഹം നവംബറിൽ നടത്താൻ തീരുമാനിച്ചിരുന്നു. ഉദയ്പൂരിൽ നടത്താനിരുന്ന ആഡംബര വിവാഹത്തിനായി വരന്റെ കുടുംബം ആവശ്യപ്പെട്ട രേഖകൾ നൽകേണ്ട സാഹചര്യം വന്നതോടെ കൊലപാതക പദ്ധതി വേഗത്തിലാക്കിയതാണെന്ന് അന്വേഷണ സംഘം സംശയിക്കുന്നത്. വിവാഹ രജിസ്ട്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഒരു ഇടനിലക്കാരന് ചേതൻ ചൗധരി പണം നൽകിയോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
ജൂൺ 18ന് പൂനെയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചിരുന്ന കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിൽ നിന്ന് താഴേക്ക് വീണ് മരിക്കുകയായിരുന്നു. ആദ്യം അപകടമെന്ന് കരുതിയ സംഭവം പിന്നീട് കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങി. സിയ ഗോയലും ചേതൻ ചൗധരിയും ചേർന്ന് കേതനെ തള്ളിയിട്ടെന്നാണ് പോലീസ് കണ്ടെത്തൽ. അന്വേഷണത്തിൽ കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ പ്രകാരം, ഈ കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. പ്രതികൾ കൊലപാതക മാർഗങ്ങൾ സംബന്ധിച്ച് ഓൺലൈനിൽ തിരച്ചിൽ നടത്തിയതും, സംഭവത്തിന് മുൻപ് സമാനമായ സ്ഥലത്ത് പരീക്ഷണവും നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ഇരുവരും തമ്മിലുള്ള രഹസ്യ ചാറ്റുകൾ, കോഡ് വാക്കുകൾ, ഇമോജികൾ എന്നിവ ഉപയോഗിച്ച് നടത്തിയ ആശയവിനിമയം പോലീസ് പരിശോധിച്ചു വരികയാണ്. അഗർവാളിന്റെ കുടുംബം നൽകിയ വിവരങ്ങളിൽ സിയ ഗോയലിന് മറ്റൊരാളുമായുള്ള ബന്ധത്തെക്കുറിച്ച് കേതൻ മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന വിവരവും ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം സിയയും ചേതനും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇതിനിടെ, കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ലോഹഗഡ് കോട്ടയിൽ ക്രൈം സീൻ പുനരാവിഷ്കരിക്കുകയും ചെയ്തു.

















































