തൃശൂർ: കെഎസ്ആർടിസിയുടെ സൗജന്യ യാത്രയ്ക്കിടെ തിരക്കിൽ റോഡിലേക്കു തെറിച്ച് വീണ് കണ്ടക്ടർക്കു പരുക്ക്. കെഎസ്ആർടിസി വടക്കഞ്ചേരി സബ്ബ് — ഡിപ്പോയിലെ കണ്ടക്ടർ ആലത്തൂർ വാനൂർ കെ സെയ്ത് മുഹമ്മദ് (42) നാണ് അപകടത്തിൽ പരുക്കേറ്റത്. സെയ്തിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയക്കാട് മന്ദത്തിന് സമീപത്താണ് അപകടം നടന്നത്.
ചൊവ്വാഴ്ച രാവിലെ എട്ടി മണിയോടെ വടക്കഞ്ചേരിക്ക് സമീപം ആയക്കാട് മന്ദത്തിന് അടുത്തുവെച്ചാണ് ഈ സംഭവം അരങ്ങേറിയത്. ഒറ്റപ്പാലത്ത് നിന്നും പുറപ്പെട്ട് കിഴക്കഞ്ചേരി പാണ്ടാംകോട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കടുത്ത തിരക്കാണ് അപകടത്തിന് പ്രധാന കാരണമായത്.
ബസില്‍ അനുവദനീയമായതിലും കൂടുതൽ യാത്രക്കാർ കയറിയതോടെ, പിൻവാതലിന് അടുത്ത് നിന്ന് ടിക്കറ്റ് കൊടുത്ത് കൊണ്ടിരുന്ന കണ്ടക്ടർ സെയ്ത് മുഹമ്മദ് വാതിലിന്റെ ലോക്ക് തകർന്ന് പെട്ടെന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടസമയത്ത് നൂറോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഒറ്റപ്പാലത്ത് നിന്നും പുളിങ്കുടം വരെ 138 പേർക്ക് ടിക്കറ്റ് നല്കിയിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ് കയറിയത്.

















































