തെലങ്കാന: നിസാമാബാദ് ജില്ലയിൽ ഭർത്താവിന്റെ ശരീരത്തിൽ ടോയ്ലറ്റ് ക്ലീനർ ഐവി വഴി കുത്തിവെച്ച് കൊലപ്പെടുത്തി. കൊല്ലാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായി, നഴ്സായ ഭാര്യ ടോയ്ലറ്റ് ക്ലീനിംഗ് ലിക്വിഡ് ഇൻട്രാവീനസ് (IV) ലൈൻ വഴി കുത്തിവെക്കുകയായിരുന്നു. സന്ധ്യയുടെ ഭർത്താവായ പ്രശാന്താണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഭാര്യ സന്ധ്യ, കാമുകൻ അനിൽ, അനിലിന്റെ സുഹൃത്ത് വെങ്കട്ട് സായി എന്നിവർ അറസ്റ്റിലായി. ഇവർ മൂവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. പോലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, സന്ധ്യയും പ്രശാന്തും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനു പ്രധാന കാരണം സന്ധ്യയുടെ അനിലുമായുള്ള ബന്ധമായിരുന്നു. ഗൾഫിൽ നിന്ന് അടുത്തിടെ നാട്ടിലെത്തിയ പ്രശാന്ത് ഇവരുടെ ബന്ധത്തിന് തടസമാണെന്ന് കരുതി ഇയാളെ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കിയതായാണ് കണ്ടെത്തൽ.
ഇതിന്റെ ആദ്യ ശ്രമമായി, പ്രശാന്തിനെ മദ്യം നൽകി മയക്കിയ ശേഷം അനിലും വെങ്കട്ട് സായിയും ചേർന്ന് മർദ്ദിക്കുകയും വീടിന്റെ മുകളിൽ നിന്ന് തള്ളി താഴെയിടുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റെങ്കിലും പ്രശാന്ത് മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. മദ്യലഹരിയിൽ നിന്നുള്ള അപകടമാണെന്ന് പറഞ്ഞ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ IV ലൈൻ ഉപയോഗിച്ച് സന്ധ്യ ടോയ്ലറ്റ് ക്ലീനർ കുത്തിവെച്ചതായാണ് പോലീസ് ആരോപിക്കുന്നത്. വിഷ പദാർത്ഥം ശരീരത്തിൽ പ്രവേശിച്ചതാണ് പ്രശാന്തിന്റെ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നു. അതേസമയം പ്രശാന്തിന്റെ മരണത്തിൽ സംശയം തോന്നിയ മാതാവ് ജൂലൈ ഒന്നിന് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അന്വേഷണത്തിനിടെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ഗൂഢാലോചന പുറത്തുവന്നതായി പോലീസ് വ്യക്തമാക്കി. ആദ്യ ആക്രമണത്തിൽ മേൽക്കൂരയിൽ നിന്ന് തള്ളിയിടാൻ സഹായിച്ചതായി വെങ്കട്ട് സായി സമ്മതിച്ചതായും പറയുന്നു. മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുകയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.















































